ഇൻഡോർ-ജബൽപുർ എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി; രണ്ട് കോച്ചുകളിൽ അപകടം
ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപുരിൽ ട്രെയിൻ പാളം തെറ്റി. സ്റ്റേഷനിൽ നിന്ന് 200 മീറ്റർ അകലെയായാണ് സോമനാഥ് എക്‌സ്പ്രസിന്റെ (22191) രണ്ടു കോച്ചുകൾ പാളം തെറ്റിയത്. ഇൻഡോർ-ജബൽപുർ എക്സ്പ്രസ് ട്രെയിൻ ആണിത്. ശനിയാഴ്ച പുലർച്ചെയാണ് അപകടം. ആളപായമുള്ളതായി റിപ്പോർട്ടില്ല.
പുലർച്ചെ 5.50ന് സ്റ്റേഷനിൽ നിന്ന് 150 മീറ്റർ അകലെയാണ് അപകടം ഉണ്ടായത്. ഇൻഡോറിൽ നിന്ന് വരുന്ന ട്രെയിൻ ആണ് അപകടത്തിൽപ്പെട്ടതെന്ന് വെസ്റ്റ് സെൻട്രൽ റെയിൽവേ സി.പി.ആർ.ഒ ഹർഷിത് ശ്രീവാസ്തവ പറഞ്ഞു. ജബൽപൂർ റെയിൽവേ സ്റ്റേഷൻ്റെ പ്ലാറ്റ്‌ഫോം നമ്പർ 6-ന് അടുത്തെത്തിയപ്പോൾ മുൻവശത്തെ രണ്ട് കോച്ചുകൾ പാളം തെറ്റുകയായിരുന്നു.
ഉത്തർപ്രദേശിൽ സബർമതി എക്‌സ്പ്രസ് പാളം തെറ്റി ഒരു മാസത്തിനുള്ളിലാണ് ജബൽപൂർ ട്രെയിൻ അപകടമുണ്ടായത്. ഓഗസ്റ്റ് 17ന് ഉത്തർപ്രദേശിലെ കാൺപൂർ റെയിൽവേ സ്റ്റേഷന് സമീപം അഹമ്മദാബാദ്-വാരാണസി സബർമതി എക്സ്പ്രസിൻ്റെ 20 കോച്ചുകൾ ആണ് പാളം തെറ്റി.
ജൂലൈ 30ന് ജാർഖണ്ഡിലെ ജംഷഡ്പൂരിന് സമീപം ഹൗറ-മുംബൈ സിഎസ്എംടി മെയിലിൻ്റെ 18 കോച്ചുകൾ പാളം തെറ്റിയിരുന്നു. അപകടത്തിൽ രണ്ട് പേർ മരിക്കുകയും 20 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.