ആധാർ കാർഡ് എടുത്തിട്ട് 10 വർഷം കഴിഞ്ഞവർക്കടക്കം സൗജന്യമായി വിവരങ്ങള്‍ പുതുക്കാനുള്ള തിയതി വീണ്ടും നീട്ടിക്കൊണ്ട് കേന്ദ്രം ഉത്തരവിറക്കി
പുതിയ ഉത്തരവ് പ്രകാരം 2024 ഡിസംബര്‍ 14 വരെ ഫീസില്ലാതെ ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു ഐ ഡി എ ഐ) അറിയിച്ചിരിക്കുന്നത്
ആധാർ രാജ്യത്തെ ഒരു പൗരന്റെ പ്രധാന തിരിച്ചറിയല്‍ രേഖ ആയതിനാല്‍ തന്നെ ഇതുവരെ പുതുക്കിയിട്ടില്ലാത്തവർ ഉടനെ പുതുക്കേണ്ടതാണെന്ന് യു ഐ ഡി എ ഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ പത്ത് വർഷം കൂടുമ്ബോഴും ആധാർ വിവരങ്ങള്‍ പുതുക്കണമെന്നും യു ഐ ഡി എ ഐ നിർദേശിച്ചിട്ടുണ്ട്
ഇതിനോടകം തന്നെ നിരവധി തവണ സൗജന്യമായി ആധാര്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി കേന്ദ്രം നീട്ടിയിട്ടുണ്ട്. ഇപ്പോള്‍ സമയപരിധി മൂന്ന് മാസത്തേക്ക് കൂടിയാണ് നീട്ടിയത്. നിലവിലെ ഉത്തരവ് പ്രകാരം ഡിസംബർ 14 വരെ സൗജന്യമായി പേര്, വിലാസം തുടങ്ങിയവ പുതുക്കുകയോ തിരുത്തുകയോ ചെയ്യാം. ഡിസംബര്‍ 14 ന് ശേഷം വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെങ്കില്‍ ഫീസ് നല്‍കേണ്ടി വരും. സൗജന്യ സേവനം എം ആധാർ പോർട്ടലില്‍ മാത്രമാണ് ലഭിക്കുക. ജനസംഖ്യാപരമായ വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്ന പ്രക്രിയ എളുപ്പമാക്കുന്നതിനും പൗരന്മാർക്ക് കൂടുതല്‍ സൗകര്യം ഉറപ്പ് വരുത്തുന്നതിനുമാണ് ഈ സൗജന്യ സേവനമെന്ന് യു ഐ ഡി എ ഐ പറഞ്ഞു.