യുഎഇയിലെ 99.9% കമ്പനികളും സ്ഥാപനങ്ങളും ഉച്ചവിശ്രമ നിയമം കൃത്യമായി പാലിക്കുന്നുണ്ടെന്ന് റിപ്പോർട്ട്

0

യുഎഇയിലെ 99.9% കമ്പനികളും സ്ഥാപനങ്ങളും ഉച്ചവിശ്രമ നിയമം കൃത്യമായി പാലിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് കഠിനമായ വേനൽചൂടില്‍ നിന്ന് ആശ്വാസം നല്‍കുന്നതിന്റെ ഭാഗമായാണ് മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയം ഉച്ചവിശ്രമം നടപ്പിലാക്കിയത്. യുഎഇയിൽ ജൂൺ 15നാണ് മൂന്ന് മാസം നീളുന്ന ഉച്ചവിശ്രമം ആരംഭിച്ചത്.

കഠിനമായ ചൂടിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ നിര്‍ബന്ധിത ഉച്ചവിശ്രമ നിയമപ്രകാരം ഉച്ചയ്‌ക്ക് 12.30 മുതല്‍ മൂന്ന് മണി വരെ തൊഴിലാളികളെ തുറസായ സ്ഥലങ്ങളില്‍ വെയിലത്ത് പണിയെടുപ്പിക്കാന്‍ പാടില്ലെന്ന് യുഎഇ മാനവവിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. രാജ്യത്തെ 99.9% കമ്പനികളും സ്ഥാപനങ്ങളും നിയമം പാലിച്ചതായി അധികൃതർ അറിയിച്ചു. മൂന്ന് മാസത്തിനിടെ 1,34,000 പരിശോധനകൾ നടത്തി. ഇതുവരെ 51 ലംഘനങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.ഉച്ചവിശ്രമ സമയത്ത് തൊഴിലാളികള്‍ക്ക് വിശ്രമിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കേണ്ടത് സ്ഥാപനങ്ങളായിരുന്നു. നിയമം ലംഘിച്ച് തൊഴിലാളികളെ വെയിലത്ത് ജോലി ചെയ്യിച്ചാല്‍ ഒരു തൊഴിലാളിക്ക് 5,000 ദിര്‍ഹം എന്ന തോതിലാണ് പിഴ. കൂടുതൽ പേരുണ്ടെങ്കിൽ പരമാവധി 50,000 ദിർഹമായിന്നു പിഴയായി നൽകേണ്ടത്. പിഴയ്‌ക്ക് പുറമെ കമ്പനി തരംതാഴ്‌ത്തുകയും ചെയ്യുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.

You might also like