ഹിസ്ബുള്ള ആക്രമണം: രണ്ട് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടു

0

ടെല്‍ അവീവ്: സ്‌ഫോടന പരമ്പരകള്‍ക്ക് പിന്നാലെ ലെബനനില്‍ വ്യാഴാഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിന് ഹിസ്ബുള്ളയുടെ തിരിച്ചടി. ആക്രമണത്തില്‍ പടിഞ്ഞാറല്‍ ഗലീലിയിലെ യാരയില്‍ രണ്ട് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഡ്രോണ്‍ ആക്രമണത്തിലാണ് നയേല്‍ ഫ്വാര്‍സി (43), തോമര്‍ കെരെന്‍ (20) എന്നിവര്‍ കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു.

എട്ട് പട്ടാളക്കാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തെക്കന്‍ ലെബനനിലെ ചിഹിനെ, തയിബെ, ബില്‍ദ, മെയിസ്, ഖിയാം എന്നിവിടങ്ങളിലെ ഹിസ്ബുള്ള താവളങ്ങളിലാണ് ഇസ്രായേല്‍ ബോംബാക്രമണം നടത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ ഇസ്രായേലിലെ മൂന്ന് സേനാ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഹിസ്ബുള്ള റോക്കറ്റും ഡ്രോണുകളും അയച്ചിരുന്നു.

അതേസമയം പേജര്‍-വാക്കിടോക്കി സ്‌ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 37 ആയി. ആക്രമണത്തിന് പിന്നാലെ യുദ്ധകേന്ദ്രം ഇസ്രയേലിന്റെ വടക്കന്‍ അതിര്‍ത്തിയിലേക്കു മാറ്റുകയാണെന്ന് പ്രതിരോധമന്ത്രി യോവ് ഗാലന്റ് പറഞ്ഞിരുന്നു. പശ്ചിമേഷ്യയെ അസ്വസ്ഥമാക്കിക്കൊണ്ട് ഗാസയ്‌ക്കൊപ്പം ലെബനനും സമ്പൂര്‍ണയുദ്ധത്തിലേക്ക് നീങ്ങുമെന്ന ഭീതിയുണ്ടാക്കുന്നതാണ് ഗാലന്റിന്റെ പ്രസ്താവന.

വടക്കന്‍ അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യത്തെ അയച്ചതായി ഗാലന്റ് പറഞ്ഞു. വിവിധ യുദ്ധമുറകളില്‍ വിദഗ്ധരായ, ആയിരക്കണക്കിന് സൈനികരുള്ള 98-ാം ഡിവിഷനും കൂട്ടത്തിലുണ്ട്. ഹമാസിന്റെ ശക്തികേന്ദ്രമായ തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസില്‍ നിര്‍ണായകമുന്നേറ്റം നടത്തിയത് ഈ സേനാവിഭാഗമാണ്. ഗാസയിലെ യുദ്ധത്തിന്റെ തീവ്രത കുറച്ച് അവിടെ വിന്യസിച്ചിരിക്കുന്ന കൂടുതല്‍ സേനാംഗങ്ങളെ വടക്കന്‍ അതിര്‍ത്തിയിലേക്ക് എത്തിക്കാനും പദ്ധതിയുണ്ട്.

You might also like