ഇസ്രയേലില്‍ വീണ്ടും ഭീകരാക്രമണം; ബസ് സ്റ്റേഷനിലുണ്ടായ വെടിവയ്പ്പില്‍ 19-കാരി മരിച്ചു
ടെല്‍ അവീവ്: ഇസ്രയേലില്‍ ബസ് സ്റ്റേഷനില്‍ യുവാവ് നടത്തിയ വെടിവയ്പ്പില്‍ 19-കാരിയായ ബോര്‍ഡര്‍ പോലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടു. 10 പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു. ഒരാഴ്ചക്കിടെ ഇസ്രയേലില്‍ നടക്കുന്ന രണ്ടാമത്തെ വെടിവയ്പ്പാണിത്. സംഭവം തീവ്രവാദി ആക്രമണമാണെന്ന് ഇസ്രയേലി പൊലീസ് വ്യക്തമാക്കി.
ബീര്‍ഷേബ സെന്‍ട്രല്‍ ബസ് സ്റ്റേഷനിലാണ് ആക്രമണമുണ്ടായത്. ഗുരുതര പരിക്കേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ച 19-കാരി ഷിറ സുസ്ലിക് (19) ആണ് മരിച്ചത്. ഇസ്രയേലിലെ ലാകിയ നഗരത്തിന് സമീപം താമസിച്ചിരുന്ന അഹ്‌മദ് അല്‍ ഉഖ്ബി എന്ന 29കാരനാണ് ആക്രമണം നടത്തിയതെന്ന് പ്രതിരോധ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഭീകരന്റെ പക്കല്‍ കത്തിയും തോക്കും ഉണ്ടായിരുന്നു. കണ്ണില്‍ കണ്ടവരെയെല്ലാം കുത്തിപ്പരിക്കേല്‍പ്പിക്കുകയും വെടിവച്ച് വീഴ്ത്തുകയും ചെയ്തു.
ദിവസങ്ങള്‍ക്ക് മുമ്പ് ജാഫയിലെ ലൈറ്റ് റെയില്‍വേ സ്റ്റേഷനു സമീപം നടന്ന വെടിവയ്പ്പില്‍ എട്ടുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വെടിയുതിര്‍ത്ത രണ്ടുപേരെ സുരക്ഷാ സേന വധിച്ചിരുന്നു
‘ഒക്ടോബര്‍ ഏഴ്’ ഭീകരാക്രമണം നടന്ന് ഒരു വര്‍ഷമാകുന്ന വേളയില്‍ രണ്ട് ഭീകരാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇസ്രയേല്‍ സുരക്ഷ ശക്തമാക്കി.