2030ഓടെ ഇന്ത്യയിലെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 30 കോടിയിലെത്തുമെന്ന് വ്യോമയാന മന്ത്രി
ന്യൂഡൽഹി: 2030ഓടെ ഇന്ത്യയിലെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 30 കോടിയിലെത്തുമെന്ന് വ്യോമയാന മന്ത്രി കെ.രാംമോഹൻ നായിഡു.
ഇക്കൊല്ലം മെയ് വരെയുള്ള കണക്കനുസരിച്ച് 13.89 കോടിയാണ് ഇന്ത്യയെ ആഭ്യന്തരവിമാനയാത്രക്കാരുടെ എണ്ണം. ഹെലിപോർട്ടുകളും വാട്ടർഡ്രോമുകളുമുള്‍പ്പെടെ 157 വിമാനത്താവളങ്ങളാണ് നിലവില്‍ ഇന്ത്യയിലുള്ളത്. അടുത്ത 20-25 വർഷംകൊണ്ട് 200 വിമാനത്താവളങ്ങള്‍കൂടി വികസിപ്പിക്കാനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്താവളങ്ങളുടെ വികസനത്തിന് 1100 കോടി ഡോളർ (92,395 കോടി രൂപ) ചെലവഴിക്കേണ്ടി വരുമെന്നും മന്ത്രി തിങ്കളാഴ്ച പറഞ്ഞു. ആഗോളതലത്തിൽ സുസ്ഥിരമായ വ്യോമയാന ഇന്ധന വിതരണ ശൃംഖല വികസിപ്പിക്കുന്നതിന് ഇന്ത്യയ്ക്കും ഫ്രാൻസിനും ഒരുമിച്ച് പ്രവർത്തിക്കാമെന്നും മന്ത്രി പറഞ്ഞു.