ലബനന്റെ കാൽഭാഗം പ്രദേശവാസികളും ഒഴിഞ്ഞുപോകണമെന്ന് ഇസ്രേലി സേന
ബെയ്റൂട്ട്: തെക്കൻ ലബനനിൽ കരയാക്രമണം വ്യാപിപ്പിച്ച ഇസ്രേലി സേന കൂടുതൽ പ്രദേശങ്ങളിലുള്ളവരോട് ഒഴിഞ്ഞുപോകാൻ നിർദേശിച്ചു. നേരത്തേ നൂറിലധികം ഗ്രാമങ്ങളിലുള്ളവരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരുന്നു. ഇസ്രേലി സേനയുടെ പുതിയ ഉത്തരവോടെ ലബനന്റെ നാലിലൊന്നു പ്രദേശത്തെ ജനങ്ങളും ഒഴിഞ്ഞുപോകാൻ നിർബന്ധിതരാണെന്നു യുഎൻ വൃത്തങ്ങൾ പറഞ്ഞു.
ഇസ്രേലി സൈനിക നടപടി ആരംഭിച്ചശേഷം ലബനനിൽ 12 ലക്ഷം പേർ അഭയാർഥികളായി. നാലു ലക്ഷം പേർ അയൽരാജ്യമായ സിറിയയിലേക്കു പലയാനം ചെയ്തു. സിറിയൻ അഭ്യന്തരയുദ്ധത്തിൽ ലബനനിൽ അഭയം തേടിയവരാണ് ഇതിൽ ഭൂരിഭാഗവും. ലബനീസ് തലസ്ഥാനമായ ബെയ്റൂട്ടിലെ തെരുവുകളിൽ ഒട്ടേറെപ്പേർ അഭയം തേടിയിട്ടുണ്ട്. തെക്കൻ ലബനനിലും ബെയ്റൂട്ടിലും ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ വ്യോമാക്രമണം നടത്തുന്നുണ്ട്. 185 ഹിസ്ബുള്ള കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രേലി സേന ഇന്നലെ അറിയിച്ചു. തെക്കൻ ലബനനിൽ ഹിസ്ബുള്ളകളുമായി നേരിട്ട് ഏറ്റുമുട്ടലും ഉണ്ടായി.