അബ്ദുൽ റഹീമിന് പതിനഞ്ച് ദിവസത്തിനകം നാട്ടിലെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി നിയമസഹായ സമിതി

0

റിയാദ്: അബ്ദുൽ റഹീമിന് പതിനഞ്ച് ദിവസത്തിനകം നാട്ടിലെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി റിയാദിലെ നിയമസഹായ സമിതി. കേസിന് ഇതുവരെ ചിലവായ തുകയും കണക്കുകളും റഹീം സഹായ സമിതി റിയാദിൽ അവതരിപ്പിച്ചു. റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ടുള്ള ഹരജി ഈ മാസം ഇരുപത്തി ഒന്നിനാണ് പരിഗണിക്കുന്നത്.

റിയാദിലെ ബത്ഹ ഡി പാലസ് ഹാളിലാണ് പൊതുയോഗം സംഘടിപ്പിച്ചത്. റഹീം സഹായ സമിതിയുടെ നേതൃത്വത്തിലായിരുന്നു യോഗം. പൊതു യോഗത്തിന്റെ ഭാഗമായി കേസിന്റെ ഇത് വരെയുള്ള നാൾ വഴികളും ബന്ധപ്പെട്ട കണക്കുകളും അവതരിപ്പിച്ചു. ട്രഷറർ സെബിൻ ഇഖ്ബാലാണ് വരവ് ചെലവ് കണക്കുൾ അവതരിപ്പിച്ചത്. ഇന്ത്യൻ എംബസി വഴി അയച്ച തുകയുടെയും, മരിച്ച സൗദി ബാലന്റെ കുടുംബത്തിന് കൈമാറിയ തുകയുടെ വിവരങ്ങളും സിദ്ധീഖ് തുവ്വൂർ യോഗത്തിൽ വിശദീകരിച്ചു. വിധിപ്പകർപ്പ് വന്നതിന് ശേഷമായിരിക്കും റഹീമിന് എന്ന് നാട്ടിലെത്താൻ കഴിയുമെന്നത് അറിയുക. ഏകദേശം പതിനഞ്ചു ദിവസത്തിനകം റഹീമിന് സ്വദേശത്തെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സഹായസമിതി ചെയർമാൻ സി.പി മുസ്തഫ അഭിപ്രായപ്പെട്ടു.

2007 മുതൽ ഈ വർഷം വരെ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി ചെലവുകളുണ്ട്. നിലവിൽ ചെലവിലേക്കായി പണത്തിന്റെ കുറവുമുണ്ട്. ഈ തുക എങ്ങിനെ കണ്ടെത്തുമെന്ന കാര്യത്തിൽ അടുത്ത കമ്മറ്റിയിൽ ആലോചിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നത് ഈ മാസം ഇരുപത്തി ഒന്നിനാണ്. റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അമ്പറിനാണ് കോടതി ഇത് സംബന്ധിച്ച സന്ദേശം അയച്ചത്.

You might also like