ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണ; സൈന്യത്തെ പിന്‍വലിക്കും

0

ന്യൂഡല്‍ഹി: വര്‍ഷങ്ങളായി തുടരുന്ന അതിര്‍ത്തി സംഘര്‍ഷത്തില്‍ ഇന്ത്യ-ചൈന ധാരണ. ഇക്കാര്യത്തില്‍ ചൈനയുമായി ധാരണയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിയന്ത്രണ മേഖലയില്‍ പട്രോളിങ് അടക്കമുള്ള തര്‍ക്ക വിഷയങ്ങളിലാണ് ധാരണായായതെന്ന് വിദേശകാര്യ മന്ത്രാലയ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ദേപ്‌സാങിലും ഡെംചോക്കിലും ആയിരിക്കും ഇനി മുതല്‍ പട്രോളിങ്. പ്രദേശത്ത് സൈനിക സാന്നിധ്യം കുറയ്ക്കുന്നതിന് ഇത് ഇടയാക്കുമെന്നും മിസ്രി കൂട്ടിച്ചേര്‍ത്തു.

നാളെയും മറ്റന്നാളുമായി റഷ്യയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ റഷ്യ സന്ദര്‍ശത്തിന് തൊട്ടു മുന്‍പാണ് സുപ്രധാന തീരുമാനം. ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മില്‍ റഷ്യയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ധാരണയായതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഗാല്‍വന്‍ താഴ് വരയുള്‍പ്പെടെ കിഴക്കന്‍ ലഡാക്കിലെ നാലിടങ്ങളില്‍ നിന്ന് സൈന്യം പിന്‍മാറിയെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അന്ന് വ്യക്തമാക്കിയിരുന്നു. സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നടന്ന ബ്രിക്‌സ് അംഗ രാജ്യങ്ങളിലെ സുരക്ഷാകാര്യ നേതാക്കളുടെ യോഗത്തിനിടെയാണ് ഡോവലും യിയും തമ്മില്‍ കണ്ടത്. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് 2020 ല്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ് വരയില്‍ ഇന്ത്യാ-ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടുകയും ഇരുഭാഗത്തും ആള്‍നാശം ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ-ചൈന നയതന്ത്ര ബന്ധം വഷളായിരുന്നു. പിന്നീട് സൈനിക തലത്തിലും നയതന്ത്ര തലത്തിലും നടത്തിയ ഒട്ടേറെ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ഇപ്പോഴത്തെ തീരുമാനം.

You might also like