വിമാനങ്ങള്‍ക്ക് വ്യാജ ബോംബ് ഭീഷണി; ഗുരുതര കുറ്റകൃത്യമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാ
ന്യൂഡല്‍ഹി: വ്യാജ ബോംബ് ഭീഷണികളെ ഗുരുതര കുറ്റകൃത്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. മറ്റ് മന്ത്രാലയങ്ങളുമായും കൂടിയാലോചിച്ചാകും വ്യോമയാന ചട്ടങ്ങളില്‍ ഭേദഗതി വരുത്തുക. ബോംബ് ഭീഷണികളെ നേരിടാന്‍ നിയമഭേദഗതികള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ. റാംമോഹന്‍ നായിഡ് വ്യക്തമാക്കി.
ഇപ്പോഴത്തെ ഭീഷണിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന ചോദ്യത്തിന്, സമഗ്രമായ അന്വേഷണം നടക്കട്ടെയെന്നും അതുവരെ പ്രതികരിക്കുന്നില്ലെന്നുമാണ് മന്ത്രി പറഞ്ഞത്. സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണി വരുന്നതിനാല്‍ അതിനെ നേരിടാനും കുറ്റക്കാരെ ശിക്ഷിക്കാനും കടുത്ത നിയമങ്ങള്‍ വേണമെന്ന നിലപാടാണ് അധികൃതര്‍ക്കുള്ളത്.
കഴിഞ്ഞ ദിവസം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ മേധാവിയെ തല്‍സ്ഥാനത്ത് നിന്നും കേന്ദ്രം മാറ്റിയിരുന്നു. ഡി.ജി.സി.എ ഡയറക്ടര്‍ വിക്രം ദേവ് ദത്തിനെ കല്‍ക്കരി മന്ത്രാലയം സെക്രട്ടറിയായാണ് മാറ്റി നിയമിച്ചത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പൊതു സ്ഥല മാറ്റത്തിന്റെ ഭാഗമാണ് നടപടിയെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം.
വിമാനത്തിന് ബോംബ് ഭീഷണി മുഴക്കിയ ആളെ പിടികൂടിയാല്‍ അയാളെ വിമാനയാത്രയില്‍ നിന്ന് ആജീവനാന്ത വിലക്ക് ഉള്‍പ്പെടെ നിയമഭേദഗതിയില്‍ വരുത്തും. കൂടാതെ കുറ്റവാളികളെ അറസ്റ്റ് ചെയ്യാനും കോടതി ഉത്തരവില്ലാതെ അന്വേഷണം ആരംഭിക്കാനുമുള്ള അനുമതിയും അതില്‍ ഉള്‍പ്പെടുത്തും. വ്യോമയാന ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്നത് സംബന്ധിച്ച് നിയമ വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. കൂടാതെ വിദേശ രാജ്യങ്ങളില്‍ സമാന ഭീഷണികള്‍ നേരിടാന്‍ സ്വീകരിച്ച മാതൃകകളും പരിശോധിക്കും