ബെംഗളൂരുവിൽ കനത്ത മഴ തുടരുന്നു
ബെംഗളൂരു : നഗരത്തിൽ ദുരിതം വിതച്ച് മഴ തുടരുന്നു. മഴവെള്ളക്കനാലുകളും തടാകങ്ങളും കരകവിഞ്ഞതോടെ തുടർച്ചയായ മൂന്നാം ദിനവും ജനവാസ മേഖലകളിലേക്കു വെള്ളം ഇരച്ചെത്തി. ബെംഗളൂരു നഗര ജില്ലയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. കെങ്കേരി തടാകത്തിൽ ഒഴുക്കിൽപെട്ട് കാണാതായ സഹോദരങ്ങളുടെ മൃതദേഹം കണ്ടെത്തി. ജോൺസൺ ശ്രീനിവാസ് (13), സഹോദരി ലക്ഷ്മി (11) എന്നിവരാണു മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് ഇരുവരും ഒഴുക്കിൽപെട്ടത്. ദേശീയ ദുരന്തനിവാരണ സേനയും അഗ്‌നിരക്ഷാ സേനയും നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്.
ബാബുസപാളയയിൽ നിർമാണത്തിലിരുന്ന 6 നില കെട്ടിടം കനത്ത മഴയിൽ തകർന്നുവീണ് 3 പേർ മരിച്ചു. 14 പേരെ രക്ഷിച്ചു. തൊഴിലാളികൾക്കുള്ള ഷെഡിലേക്കു കെട്ടിടം പതിച്ചതാണു ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. അപകടത്തിൽപെട്ടവരിൽ ഭൂരിഭാഗവും ബിഹാർ സ്വദേശികളാണ്. റിയൽ എസ്റ്റേറ്റ് വ്യവസായിയായ മുനിരാജു എന്നയാളുടേതാണു കെട്ടിടം. അപകടത്തിനു പിന്നാലെ ഇയാൾ ഒളിവിൽ പോയെന്നാണു പൊലീസ് നൽകുന്ന സൂചന.
കനത്ത മഴയെ തുടർന്ന് ബെംഗളൂരുവിൽ നിന്നുള്ള 20 വിമാന സർവീസുകൾ വൈകി. 5 എണ്ണം ചെന്നൈയിലേക്കു വഴിതിരിച്ചുവിട്ടു. ഇൻഡിഗോയുടെ ഡൽഹി, ഹൈദരാബാദ്, ചണ്ഡിഗഡ് എന്നിവിടങ്ങളിൽ നിന്നുള്ളവയും തായ് ലയൺ എയറിന്റെ ബാങ്കോക്കിൽ നിന്നുള്ള സർവീസുമാണു ചെന്നൈയിലേക്കു തിരിച്ചുവിട്ടത്.