ഗസ്സ മധ്യസ്ഥ ചർച്ചകൾ ഉടൻ പുനരാരംഭിക്കുമെന്ന് ഖത്തറും അമേരിക്കയും

0

ദോഹ: ഗസ്സ മധ്യസ്ഥ ചർച്ചകൾ ഉടൻ പുനരാരംഭിക്കുമെന്ന് ഖത്തറും അമേരിക്കയും. ദോഹയാകും മധ്യസ്ഥ ചർച്ചകളുടെ വേദി. ചർച്ചകൾ പരാജയപ്പെട്ടത് യഹ്‌യ സിൻവാറിന്റെ കടുംപിടുത്തമാണെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ കുറ്റപ്പെടുത്തി.

ഖത്തറിലെത്തിയ ആന്റണി ബ്ലിങ്കനും ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനിയും നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് മധ്യസ്ഥ ചർച്ചകൾ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്. ദോഹയിൽ വരും ദിവസങ്ങളിൽ തന്നെ ചർച്ചകൾക്ക് തുടക്കം കുറിക്കും. അമേരിക്കയുടെയും ഇസ്രായേലിന്റെയുംപ്രതിനിധികൾ ദോഹയിലെത്തുമെന്ന് ഖത്തർ പ്രധാനമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടനുസരിച്ച് ഞായറാഴ്ച ഇസ്രായേൽ പ്രതിനിധികൾ ഖത്തറിലെത്തും.

അതേ സമയം മധ്യസ്ഥ ചർച്ചകൾ പരാജയപ്പെട്ടതിന് കൊല്ലപ്പെട്ട ഹമാസ് തലവൻ യഹ്യ സിൻവാറിനെ പഴിചാരി ആന്റണി ബ്ലിങ്കൻ രംഗത്തെത്തി. സിൻവാറിന്റെ കടുംപിടുത്തമാണ് ചർച്ചകൾ ലക്ഷ്യം കാണാതിരിക്കാൻ കാരണം. അദ്ദേഹത്തിന്റെ മരണത്തോടെ പുതിയ സാധ്യതകൾ തെളിഞ്ഞതായി ബ്ലിങ്കൻ പറഞ്ഞു.യുദ്ധം അവസാനിപ്പിക്കാനും ഹമാസിനെ അകറ്റി നിർത്തി ഫലസ്തീൻ പുനർനിർമിക്കാനുമുള്ള ചർച്ചകളാണ് നടക്കുകയെന്നും ബ്ലിങ്കൻ വ്യക്തമാക്കി. അതേ സമയം ചർച്ചകളോട് ഹമാസ് എങ്ങനെയാകും പ്രതികരിക്കുകയെന്നതിൽ വ്യക്തതയില്ലെന്ന് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനി വ്യക്തമാക്കി.

You might also like