തീവ്ര ചുഴലിക്കാറ്റായി ‘ദാന’ കരതൊട്ടു

0

ഭുവനേശ്വര്‍: തീവ്ര ചുഴലിക്കാറ്റായി ‘ദാന’ കരതൊട്ടു. ഭിതർകനിക നാഷനൽ പാർക്കിനും ധാമ്ര തുറമുഖത്തിനും ഇടയിലാണ് കരയിൽ പ്രവേശിച്ചത്. മണിക്കൂറിൽ 110 കിലോ മീറ്റർ വരെ വേഗതയിൽ വീശിയടിക്കുന്ന ശക്തമായ ചുഴലിക്കാറ്റായി ദാന വടക്കൻ ഒഡീഷ, പശ്ചിമ ബംഗാൾ തീരങ്ങളിലേയ്ക്ക് പൂർണമായും പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. ഒഡിഷയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തി. ഒഡിഷ മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച പ്രധാനമന്ത്രി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.

12 കിലോമീറ്റർ വേഗതയിലാണ് ദാന വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. വെള്ളിയാഴ്ച പുലർച്ചെ 4:30ഓടെയാണ് ചുഴലിക്കാറ്റ് ഒഡിഷയില്‍ പ്രവേശിച്ചത്. ഇത് ധമാരയിൽ നിന്ന് 15 കിലോമീറ്റർ വടക്കോട്ടും ഹബാലിഖാത്തി പ്രകൃതി ക്യാമ്പിന് 30 കിലോമീറ്റർ വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലുമാണ് നീങ്ങുന്നതെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഒഡിഷയിൽ ആറ് ലക്ഷത്തോളം തീരദേശ വാസികളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 400 ഓളം ട്രെയിനുകള്‍ റദ്ദാക്കി. ഭുവനേശ്വറിലെയും കൊൽക്കത്തയിലെയും വിമാനത്താവളങ്ങൾ വെള്ളിയാഴ്ച രാവിലെ 9 വരെ പ്രവർത്തനം നിർത്തിവച്ചു. 45 ഓളം വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തു. ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ള ഒഡീഷയിലെ 14 ജില്ലകളിലായി 182 ഫയർ ആൻഡ് റെസ്ക്യൂ ടീമുകളെ വിന്യസിച്ചിട്ടുണ്ട്.

You might also like