സുപ്രിം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്നക്ക് നിയമനം
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിരമിക്കുന്ന ഒഴിവിലേക്ക് സുപ്രിം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്നക്ക് നിയമനം നൽകി കേന്ദ്ര സർക്കാർ. നവംബർ 11 നാകും സഞ്ജീവ് ഖന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റെടുക്കുക. സുപ്രീംകോടതിയുടെ 51 -ാമത് ചീഫ് ജസ്റ്റിസായാണ് സഞ്‌ജീവ് ഖന്ന എത്തുന്നത്. ചന്ദ്രചൂഡ് കഴിഞ്ഞാൽ സുപ്രീംകോടതിയിലെ ഏറ്റവും സീനിയറായ ജഡ്‌ജിയാണ് ജസ്റ്റിസ് സഞ്‌ജീവ് ഖന്ന.
2025 മെയ് 13 ന് വിരമിക്കുന്ന ജസ്റ്റിസ് സഞ്‌ജീവ് ഖന്ന ആറുമാസത്തിലേറെ ചീഫ് ജസ്‌റ്റിസ് പദവിയിലുണ്ടാകും. 2019 ജനുവരിയിലാണ് സുപ്രീംകോടതി ജഡ്‌ജിയായത്. 1983 ൽ ഡൽഹി ബാർ കൗൺസിലിൽ അഭിഭാഷകനായി. ജില്ലാ കോടതിയിലും ഡൽഹി ഹൈക്കോടതിയിലും പ്രാക്‌റ്റീസ് ചെയ്‌തു. വൈവിധ്യമാർന്ന മേഖലകളുമായി ബന്ധപ്പെട്ട നിരവധി പ്രധാനപ്പെട്ട കേസുകളിൽ ഹാജരായിട്ടുണ്ട്.
ദീർഘകാലം ആദായനികുതി വകുപ്പിന്റെ സീനിയർ സ്‌റ്റാൻഡിങ്ങ് കോൺലായിരുന്നു. 2004 ൽ ഡൽഹി സ്‌റ്റാൻഡിങ്ങ് കോൺസലായി (സിവിൽ) നിയമിക്കപ്പെട്ടു 2005 ൽ ഡൽഹി ഹൈക്കോടതി അഡീഷണൽ ജഡ്‌ജിയായി. 2006 ൽ സ്ഥിരം ജഡ്‌ജിയായി. ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ശരിവച്ച ഭരണഘടനാ ബെഞ്ചിലും ഇലക്‌ടറൽ ബോണ്ട് ഭരണഘടനാവിരുദ്ധമെന്ന് കണ്ടെത്തി റദ്ദാക്കിയ ഭരണഘടനാ ബെഞ്ചിലും ജസ്റ്റിസ് സഞ്‌ജീവ് ഖന്ന അംഗമായിരുന്നു.