വിദേശ തൊഴില്‍ തട്ടിപ്പിനെതിരെ നടപടി ശക്തമാക്കാനൊരുങ്ങി നോർക്ക
തിരുവനന്തപുരം: വിദേശ തൊഴില്‍ തട്ടിപ്പിനെതിരെ നടപടി ശക്തമാക്കാനൊരുങ്ങി നോർക്ക. ഇതിനായി ഓപ്പറേഷന്‍ ശുഭയാത്ര ടാസ്‌ക് ഫോഴ്‌സ് യോഗം ചേര്‍ന്നു. സ്റ്റുഡന്റ് വിസ തട്ടിപ്പുകളില്‍ നടപടിക്ക് നിയമപരിമിതിയുണ്ടെന്ന് വിലയിരുത്തിയ യോഗം നിയമനിർമാണം വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാനും തീരുമാനിച്ചു.
വിദേശ തൊഴിൽ തട്ടിപ്പുകളും വിദ്യാർഥികൾക്ക് പഠനം വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകളും വ്യാപകമാവുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ ശുഭയാത്ര ടാസ്‌ക് ഫോഴ്‌സ് എന്ന പേരിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഇതിന്റെ ആദ്യയോഗമാണ് തിരുവനന്തപുരത്ത് നോർക്ക ആസ്ഥാനത്ത് ചേർന്നത്. പല പ്രധാനപ്പെട്ട തീരുമാനങ്ങളും നിർദേശങ്ങളും യോഗത്തിൽ ഉയർന്നുവന്നു. തൊഴിൽ തട്ടിപ്പുമായും സ്റ്റുഡന്റ് വിസ തട്ടിപ്പുമായും ബന്ധപ്പെട്ട് പരാതികൾ വരുന്ന പ്രദേശങ്ങളെ പൊലീസ് സ്റ്റേഷൻ അതിർത്തികൾ തിരിച്ച് ഹോട്ട് സ്പോട്ടുകളായി നിശ്ചയിച്ചു. ഈ ഹോട്ട് സ്പോട്ടുകൾ കേന്ദ്രീകരിച്ച് പ്രത്യേക പ്രവർത്തനങ്ങൾ നടത്തും. വിസ തട്ടിപ്പുകൾക്കെതിരായ നടപടികൾ, പരാതികൾ നൽകേണ്ടത് എങ്ങനെ, എവിടെ എന്നൊക്കെയുള്ള കാര്യങ്ങളുടെ പ്രചാരണം ഇതിലുൾപ്പെടുത്തും.
സ്റ്റുഡന്റ് വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് വലിയ പ്രശ്‌നം നിലനിൽക്കുന്നുണ്ട്. തട്ടിപ്പുകൾക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ നിയമപരിമിതികൾ ഉണ്ടെന്നും ഇത് മറികടക്കാൻ പ്രത്യേക നിയമനിർമാണം കൊണ്ടുവരേണ്ട ആവശ്യമുണ്ടെന്നും യോഗം വിലയിരുത്തി. ഈ സാഹചര്യത്തിലാണ് ആവശ്യം സംസ്ഥാന സർക്കാരിന് മുന്നിൽ ഉന്നയിക്കാൻ യോഗം തീരുമാനിച്ചത്.