വ്യക്തിഗത ആദായ നികുതി നടപ്പാക്കാനൊരുങ്ങി ഒമാൻ; നിയമനിർമാണം അവസാനഘട്ടത്തിൽ

0

ഒമാൻ: ഒമാനിൽ ഉയര്‍ന്ന വരുമാനക്കാര്‍ക്കുള്ള ആദായ നികുതി നടപ്പിലാക്കുന്നതിനുള്ള നിയമനിര്‍മാണം അവസാനഘട്ടത്തിൽ. 2,500 റിയാലിന് മുകളില്‍ ശമ്പളം വാങ്ങുന്നവര്‍ക്കാണ് ആദായ നികുതി ബാധകമാകുന്നത്. മലയാളികള്‍ ഉൾപ്പെടെ സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ നികുതിയുടെ പരിധിയില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വ്യക്തിഗത ആദായനികുതി ഈടാക്കുന്നതിനുള്ള നിയമനിർമ്മാണം അവസാനഘട്ടത്തിലാണെന്ന് മജ്‌ലിസ് ശൂറ ഇക്കണോമിക് ആൻഡ് ഫിനാന്‍ഷ്യല്‍ കമ്മിറ്റി ചെയര്‍മാന്‍ അഹമ്മദ് അല്‍ ശര്‍ഖി അറിയിച്ചു. തീരുമാനം നടപ്പായാല്‍ ആദായനികുതി ഏര്‍പ്പെടുത്തുന്ന ആദ്യ ഗള്‍ഫ് രാജ്യമാകും ഒമാന്‍. ആദായനികുതി സംബന്ധിച്ച കരട് നിയമത്തിലെ 29-ലധികം ആർട്ടിക്കിളുകൾ ഭേദഗതി വരുത്തിയാണ് നിയമം കൊണ്ടുവരുന്നത്.
ജൂൺ അവസാനത്തോടെ ശൂറ കൗൺസിൽ വ്യക്തിഗത ആദായനികുതി നിയമത്തിന്‍റെ കരട് കൗൺസിൽ ഓഫ് സ്റ്റേറ്റിന് സമർപ്പിച്ചു. ഇനി അന്തിമ തീരുമാനത്തിന് അംഗീകാരം കൂടി ലഭിക്കണം. പെട്രോളിതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വ്യക്തിഗത ആദായനികുതി നടപ്പാക്കാന്‍ ഒമാനൊരുങ്ങുന്നത്. പഞ്ചവത്സര പദ്ധതികളിലൂടെ സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ച കൈവരിക്കുന്നതിനായി 2021 മുതല്‍ 2040 വരെ ഒമാന്‍ നടപ്പാക്കുന്ന വിഷന്‍ 2040ന്റെ ഭാഗമാണ് പുതിയ നികുതി സമ്പ്രദായം.
You might also like