ഡോണൾഡ് ട്രംപിന്റെ വിജയത്തെത്തുടർന്ന് കുതിച്ച ഓഹരിവിപണി ഇന്നലെ താഴേക്കിറങ്ങി
മുംബൈ: യുഎസ് പ്രസിഡന് ഷ്യൽ തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ വിജയത്തെത്തുടർന്ന് കുതിച്ച ഓഹരിവിപണി ഇന്നലെ താഴേക്കിറങ്ങി. തുടർച്ചയായ രണ്ടു ദിവസത്തെ മുന്നേറ്റത്തിനുശേഷമാണ് വിപണിയിൽ താഴ്ചയുണ്ടായത്. മുഖ്യ സൂചികകൾ ഒരു ശതമാനത്തിലധികമാണ് താഴ്ന്നത്. നിഫ്റ്റി 284.70 പോയിന്റ് താഴ്ന്ന് 24199.35ലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ സെൻസെക്സ് 836.34 പോയിന്റ് ഇടിഞ്ഞ് 79541.79ൽ വ്യാപാരം അവസാനിപ്പിച്ചു.
1733 ഓഹരികൾ മുന്നേറിയപ്പോൾ 2057 ഷെയറുകൾക്ക് ഇടിവുണ്ടായി. 93 ഓഹരികൾ മാറ്റമില്ലാതെ നിന്നു. നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഐടി, ബിഎസ്ഇ സ്മോൾക്യാപ്, ബിഎസ്ഇ മിഡ്ക്യാപ് എന്നിവടങ്ങളിലും താഴ്ച പ്രകടമായി. സെൻസെക്സ് 80,563.42ലും നിഫ്റ്റി 24,489.60ലുമാണ് വ്യാപാരം ആരംഭിച്ചത്. സെഷനിൽ സെൻസെക്സ് 79,419.34 എന്ന താഴ്ന്ന നിലയിലെത്തിയതോടെ വിപണികൾ ഉടൻതന്നെ വിൽപ്പന സമ്മർദത്തിന് വഴങ്ങി.
ബുധനാഴ്ച അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് വിജയിച്ചതാണ് ഇന്ത്യൻ വിപണിക്കു തുണയായത്. ട്രംപ് തിരിച്ചുവരുന്നത് ഇന്ത്യക്കു ഗുണം ചെയ്യുമെന്ന പ്രതീക്ഷയായിരുന്നു വിപണിയിൽ പ്രകടമായത്. എന്നാൽ, ഇന്നലെ വരാനിരിക്കുന്ന അമേരിക്കൻ ഫെഡറൽ റിസർവിന്റെ പണ വായ്പനയവും കന്പനികളുടെ മോശം രണ്ടാംപാദ ഫലവുമാണ് വിപണിയെ സ്വാധീനിച്ചത്.