അക്രമങ്ങള്‍ തുടര്‍ക്കഥ: മണിപ്പൂര്‍ വീണ്ടും അശാന്തിയിലേക്ക്; കൂടുതല്‍ സൈന്യത്തെ അയച്ച് കേന്ദ്രം

0

ഇംഫാല്‍: ഒരു ഇടവേളയ്ക്ക് ശേഷം മണിപ്പൂരില്‍ വീണ്ടും അശാന്തി പുകഞ്ഞുതുടങ്ങി. സമാധാനം പുനസ്ഥാപിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൂടുതല്‍ സേനയെ അയച്ചു. 2500ലധികം അര്‍ധ സൈനികരെയാണ് മണിപ്പൂരിലേക്ക് അയയ്ക്കുന്നത്. ആക്രമണങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജിരിബാമിയിലാണ് ഇവരെ വിന്യസിക്കുക.

നിലവില്‍ 29,000 ത്തിലധികം പേര്‍ അടങ്ങുന്ന 218 കമ്പനി കേന്ദ്ര സായുധ പൊലീസ് സംഘത്തെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. ഇതിനുപുറമേ അസം റൈഫിള്‍സും രംഗത്തുണ്ട്. ഈ മാസം മാത്രം പതിമൂന്ന് മരണങ്ങളാണ് മണിപ്പൂരില്‍ റിപ്പോര്‍ട്ട് ചെയ്തത്.

സംസ്ഥാനത്തെ വളരെ വേഗം സാധാരണ നിലയിലേക്ക് എത്തിക്കാനാണ് കൂടുതല്‍ സൈന്യത്തെ നിയോഗിക്കുന്നത്. 115 സിആര്‍പിഎഫ് കമ്പനികള്‍, ആര്‍എഎഫില്‍ നിന്ന് എട്ട്, ബിഎസ്എഫിന്റെ 84, അഞ്ച് ഐടിബിപി യൂണിറ്റുകള്‍, എസ്എസ്ബിയില്‍ നിന്ന് ആറ് എന്നിങ്ങനെയാണ് പുതുക്കിയ സൈനിക വിന്യാസം.

കഴിഞ്ഞ ദിവസം സുരക്ഷാ സേനയും ആയുധധാരികളായ കുക്കികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായ ജിരിബാം ജില്ലയില്‍ മൂന്ന് സ്ത്രീകളെയും മൂന്ന് കുട്ടികളെയും കാണാനില്ലെന്നാണ് പൊലീസ് പറയുന്നത്. പതിമൂന്ന് പേരെയാണ് കാണാതായത്. ഇതില്‍ അഞ്ച് പേരെയും രണ്ട് പേരുടെ മൃതദേഹവും പിന്നീട് കണ്ടെത്തി. ശേഷിക്കുന്നവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇവരെ കണ്ടെത്തിയോ എന്നതിലും വ്യക്തത വന്നിട്ടില്ല. കാണാതായവരെ കുക്കി വിഭാഗം തട്ടിക്കൊണ്ടുപോയി എന്നാണ് മെയ്‌തേയി വിഭാഗക്കാരുടെ ആരോപണം.

മേഖലയില്‍ ഇപ്പോഴും സംഘടിത ആക്രമണങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. നിരവധി കെട്ടിടങ്ങളാണ് ആയുധങ്ങളുമായി എത്തുന്ന അക്രമി സംഘങ്ങള്‍ അഗ്‌നിക്കിരയാക്കുന്നത്. കഴിഞ്ഞ ദിവസം ആയുധ ധാരികളായ പത്ത് കുക്കികളെ സൈന്യം വധിച്ചിരുന്നു

You might also like