പുതിയ താമസ, കുടിയേറ്റ കരടു നിയമഭേദഗതിക്കു കുവൈത്ത് മന്ത്രിസഭ അംഗീകാരം നൽകി

0

കുവൈത്ത് സിറ്റി : അനധികൃത താമസക്കാർക്കു കടുത്ത ശിക്ഷ ഉറപ്പാക്കുന്ന പുതിയ താമസ, കുടിയേറ്റ കരടു നിയമഭേദഗതിക്കു കുവൈത്ത് മന്ത്രിസഭ അംഗീകാരം നൽകി. മനുഷ്യക്കടത്ത്, വീസ കച്ചവടം, സ്പോൺസറിൽനിന്ന് ഒളിച്ചോടുക, വീസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് വൻ പിഴയും നാടുകടത്തലുമാണ് കരടു നിയമത്തിലുള്ളത്.

ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ, ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വിദേശികളെ നാടുകടത്തുമ്പോൾ സ്വീകരിക്കേണ്ട മാനദണ്ഡങ്ങൾ പുതുക്കി. വീസ തരപ്പെടുത്താമെന്ന പേരിൽ അനധികൃതമായി പണം വാങ്ങുന്നത് കടുത്ത നിയമലംഘനമാണ്. നിശ്ചിത കാലാവധിയുള്ള വീസയിലെത്തുന്നവർ മടങ്ങിയോ ഇല്ലയോ എന്ന കാര്യം സ്പോൺസർ ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണമെന്നും നിർദേശമുണ്ട്. വീസ കാലാവധി കഴിഞ്ഞവർക്കു ജോലിയും അഭയവും നൽകുന്നതും കടുത്ത നിയമലംഘനമായി കണക്കാക്കും.

തൊഴിലുടമയ്‌ക്ക് കീഴിൽ അല്ലാതെ ജോലി ചെയ്യുന്നതും തസ്തികയ്ക്കു വിരുദ്ധമായി മറ്റു സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പ്രേരിപ്പിക്കുന്നതും വിലക്കി. അടിയന്തര സാഹചര്യങ്ങളിൽ ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് പ്രത്യേക അനുമതിയെടുക്കാം. സർക്കാർ ജീവനക്കാർ മറ്റിടങ്ങളിൽ ജോലി ചെയ്യുന്നതും വിലക്കിയിട്ടുണ്ട്. അതേസമയം, ശമ്പള കുടിശിക വരുത്തുന്നതു കുറ്റകരമാണെന്നും കരട് നിയമം പറയുന്നു. കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് അംഗീകരിക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും.

You might also like