യൂറോപ്പിൽ ജോലി വാഗ്ദാനം ചെയ്ത് മുന്നൂറോളം പേരില് നിന്ന് പണം തട്ടിയെടുത്ത കേസിൽ മൂന്ന് പേര് അറസ്റ്റിൽ
കൊല്ലം: യൂറോപ്പിൽ ജോലി വാഗ്ദാനം ചെയ്ത് മുന്നൂറോളം പേരില് നിന്ന് പണം തട്ടിയെടുത്ത കേസിൽ മൂന്ന് പേര് അറസ്റ്റിൽ. കരാർ റദ്ദായ റിക്രൂട്ട്‌മെൻ്റ് കമ്പനിയുടെ മറവിലാണ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാന പ്രതികളാണ് പിടിയിലായത്.
ഒന്നാം പ്രതി ബാലു ജെ നാഥ് (31), മൂന്നാം പ്രതിയും ഒന്നാം പ്രതിയുടെ അമ്മായിയമ്മയുമായ അനിതകുമാരി (48), നാലാം പ്രതിയും ബാലുവിൻ്റെ ഭാര്യയുമായ അശ്വതി (26) എന്നിവരെയാണ് ഈസ്റ്റ് കൊല്ലം പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതി പറവൂർ സ്വദേശിയും കോട്ടയം രാമപുരം മഹാലക്ഷ്മിനിലയത്തിൽ താമസക്കാരനുമായ വിനു വിജയൻ ഒളിവിലാണ്.
2021 ഓഗസ്റ്റിനും 2023 ഓഗസ്റ്റിനും ഇടയിൽ പണം തട്ടിപ്പ് നടത്തിയെന്നാരോപിച്ച് നീണ്ടക്കര മെർലിൻ ഭവനിലെ ക്ലീറ്റസ് ആൻ്റണി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കളംബരത്ത് നിന്ന് അറസ്റ്റ് ചെയ്തത്. കൊല്ലം താലൂക്ക് ഓഫീസിന് സമീപം ബാലും അശ്വതിയും ചേർന്ന് നടത്തുന്ന ഫോർസൈറ്റ് ഓവർസീസ് എന്ന സ്ഥാപനത്തിൻ്റെ പേരിലാണ് തട്ടിപ്പ്. ഈ സ്ഥാപനത്തില്‍ നിന്ന് യുകെയിലെത്തിയ 25 പേര്‍ ജോലിക്ക് കയറിയ കമ്പനിയില്‍ നിന്ന് രാജിവെച്ചതോടെ സ്ഥാപനത്തിന്റെ രജിസ്‌ട്രേഷന്‍ അധികൃതര്‍ റദ്ദാക്കുകയായിരുന്നു. ഇത് മറച്ചുവെച്ചാണ് അവർ പണം അപഹരിച്ചത്. പ്രതികൾ ആഡംബര ജീവിതം നയിച്ചിരുന്നതായി പോലീസ് പറഞ്ഞു.