അബ്ദുൾ റഹീമിൻ്റെ മോചനം: നന്മനിറഞ്ഞ മനസുകൾ സ്വരുക്കൂട്ടിയത് 47.5 കോടി രൂപ
റിയാദ്: സൗദിയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിൻ്റെ മോചനത്തിനായി കുടുംബവും നിയമസഹായ സമിതിയും അഭ്യർത്ഥിച്ചത് 34 കോടിക്കായാണ്. എന്നാൽ, മണിക്കൂറുകൾ കൊണ്ട് മലയാളികൾ കണ്ടെത്തിയത് 47.5 കോടി രൂപയാണ്.
ഇക്കൂട്ടത്തിൽ സൗദി ബാലൻ്റെ കുടുംബത്തിനും, അഭിഭാഷകനും നൽകിയതടക്കം 36 കോടിയോളം രൂപ ചിലവഴിക്കപ്പെട്ടു. 11.60 കോടി രൂപയാണ് ട്രസ്റ്റിൻ്റെ ബാങ്ക് അക്കൗണ്ടിൽ ബാക്കി വന്നതായി ഭാരവാഹികൾ അറിയിച്ചത്. ബാക്കി തുക എന്തുചെയ്യണമെന്ന കാര്യത്തിൽ അബ്ദുൾ റഹീം നാട്ടിലെത്തിയ ശേഷം ഭാരവാഹികൾ തീരുമാനമെടുക്കും. കയ്യിലുള്ളത് കൊച്ചു തുകയാണെങ്കിൽ പോലും അത് നൽകാൻ മനസ് കാണിച്ചത് ഒൻപത് ലക്ഷം ആളുകളാണ്. അതേസമയം, റഹീം സഹായസമിതി അദ്ദേഹത്തിൻ്റെ കുടുംബവുമായി ഭിന്നിപ്പിലാണെന്ന വാർത്ത ഭാരവാഹികൾ തള്ളി. ഈ മാസം 17ന് റഹീമിൻ്റെ കേസ് റിയാദ് കോടതി പരിഗണിക്കും. മോചനം വേഗത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.