
ഹൈപവര്‍ മൈക്രോവേവ് തരംഗങ്ങള്‍ പ്രയോഗിക്കുന്ന ഇന്ത്യയുടെ ഡയറക്ട് എനര്‍ജി ആയുധം പണിപ്പുരയില്‍; ശത്രു രാജ്യങ്ങള്‍ കൂടുതല്‍ ഭയക്കും
ന്യൂഡല്‍ഹി: ശത്രു രാജ്യങ്ങളുടെ നീക്കങ്ങള്‍ തകര്‍ക്കാനുള്ള ഇന്ത്യയുടെ പുതിയ ആയുധം വൈകാതെ പ്രവര്‍ത്തന സജ്ജമാകുമെന്ന് റിപ്പോര്‍ട്ട്. ഈ ‘വജ്രായുധത്തിന്റെ’ പണിപ്പുരയിലാണ് ഇന്ത്യ. ഡ്രോണുകള്‍, മിസൈലുകള്‍ തുടങ്ങിയവയെ തകര്‍ക്കാനുള്ള ഒരു ഡയറക്ട് എനര്‍ജി ആയുധമാണ് വികസിപ്പിക്കുന്നത്. അമേരിക്കയും ചൈനയും ഇത്തരം ആയുധങ്ങള്‍ നിര്‍മിക്കാനുള്ള കഠിന ശ്രമത്തിലാണ്. അമേരിക്ക ഇതിന്റെ പരീക്ഷണ ഘട്ടത്തിലെത്തിലാണ്. ഡ്രോണുകളുടെയും മിസൈലുകളുടെയും ഇലക്ട്രോണിക് സംവിധാനത്തെ താറുമാറാക്കാനുള്ള ഹൈപവര്‍ മൈക്രോവേവ് തരംഗങ്ങള്‍ പ്രയോഗിക്കുന്ന ആയുധമാണ് ഇന്ത്യയുടെ പണിപ്പുരയിലുള്ളത്.
പ്രധാനമായും നാവിക സേനയുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. പരമ്പരാഗത ആയുധങ്ങളെ അപേക്ഷിച്ച് ഹൈപവര്‍ മൈക്രോവേവ് ആയുധങ്ങള്‍ക്ക് ഒട്ടേറെ പ്രയോജനങ്ങളുണ്ട്. ഇത്തരം ആയുധങ്ങള്‍ കൊണ്ട് ശത്രു ലക്ഷ്യങ്ങളെ മറ്റ് ആയുധങ്ങളേക്കാള്‍ കൃത്യമായി ആക്രമിക്കാനാകും. പെട്ടെന്ന് പ്രതികരിക്കാനും എതിരാളികളെ പരാജയപ്പെടുത്താനും സാധിക്കും.
മാത്രമല്ല കുറഞ്ഞ ഊര്‍ജം മാത്രമേ ഈ ആയുധങ്ങള്‍ക്ക് ആവശ്യമായി വരികയുള്ളൂ. ആധുനിക സൈനിക സാങ്കേതിക വിദ്യയില്‍ ഇത്തരം ഡയറക്ട് എനര്‍ജി ആയുധങ്ങള്‍ ഇന്ന് വികസനത്തിന്റെ പല ഘട്ടങ്ങളിലാണ്. ഈ ശ്രേണിയിലേക്കാണ് ഇന്ത്യയും ഉയരാന്‍ പോകുന്നത്. സാധാരണ യുദ്ധ സമാനമായ സാഹചര്യത്തില്‍ എതിരാളികളുടെ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ക്കാനാണ് ഏത് സൈന്യവും ശ്രമിക്കുക. അതിനായി ഡ്രോണുകള്‍ ഉപയോഗിച്ചുള്ള കൂട്ടമായ ആക്രമണമാണ് നടത്തുക. ഉക്രെയ്ന്‍ യുദ്ധത്തിലും ഇസ്രയേല്‍-ഹമാസ്-ഹിസ്ബുള്ള ആക്രമണങ്ങളിലും ഈ രീതി കണ്ടതാണ്.
കുറഞ്ഞ ചെലവില്‍ കൂടുതല്‍ നാശമുണ്ടാക്കാന്‍ ഇത്തരം ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് സാധിക്കും. പരമ്പരാഗത പ്രതിരോധ ആയുധങ്ങള്‍ക്ക് കൂട്ടമായി വരുന്ന ഇത്തരം ആക്രമണങ്ങളെ പൂര്‍ണ തോതില്‍ പരാജയപ്പെടുത്താനാകില്ല. പ്രതിരോധ സംവിധാനത്തിന്റെ പിഴവ് മുതലാക്കി അവ ആക്രമണം നടത്തും.