ഫെന്‍ഗല്‍ ചുഴലിക്കാറ്റ് ഇന്ന് കര തൊടും; ചെന്നൈയില്‍ കനത്ത മഴ; നിരവധി ഫ്‌ളൈറ്റുകള്‍ റദ്ദാക്കി
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫെന്‍ഗല്‍ ചുഴലിക്കാറ്റ് ഇന്ന് കര തൊടാനിരിക്കെ ചെന്നൈയില്‍ കനത്ത മഴ. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയില്‍ നിന്ന് പുറപ്പെടെണ്ട 16 വിമാനങ്ങള്‍ റദ്ദാക്കി. ചെന്നൈയിലേക്കും ചെന്നൈയില്‍ നിന്നും പുറപ്പെടുന്നതുമായ വിമാന സര്‍വീസുകള്‍ ഇന്‍ഡിഗോ നിര്‍ത്തിവച്ചു. രാവിലെ 8:10 ന് ലാന്‍ഡ് ചെയ്യണ്ട അബുദാബി വിമാനം ബംഗളൂരുവിലേക്ക് തിരിച്ചുവിട്ടു.
കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയില്‍ ഉച്ചയ്ക്ക് ശേഷം ഫെന്‍ഗല്‍ ചുഴലിക്കാറ്റ് കരതൊടും എന്നാണ് പ്രവചനം. തമിഴ്‌നാടിന്റെയും തെക്കന്‍ ആന്ധ്രയുടെയും തീരമേഖല കനത്ത ജാഗ്രതയിലാണ്. 90 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ചെന്നൈ തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട് തുടങ്ങിയ ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സ്‌പെഷ്യല്‍ ക്ലാസുകളോ പരീക്ഷകളോ നടത്തരുതെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. സാഹചര്യത്തിന് അനുസരിച്ച് മഴ മുന്നറിയിപ്പുള്ള മറ്റ് ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി സംബന്ധിച്ച തീരുമാനം എടുക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം മുന്നറിയിപ്പിനെത്തുടര്‍ന്ന് തമിഴ്‌നാട്ടിലേക്കുള്ള രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനം മാറ്റിവെച്ചു. തമിഴ്‌നാട് കേന്ദ്ര സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങിലാണ് രാഷ്ട്രപതി പങ്കെടുക്കേണ്ടിയിരുന്നത്.
വിമാനങ്ങള്‍ റദ്ദാക്കിയതിന് പുറമെ കാറുമായി പുറത്തിറങ്ങിയ ആളുകള്‍ വാഹനങ്ങള്‍ ഫ്ളൈ ഓവറുകളില്‍ നിര്‍ത്തിട്ടിരിക്കുന്നതായും വിവരമുണ്ട്. ചുഴലിക്കാറ്റ് മുന്നറിയിപ്പ് നിലനില്‍ക്കുമ്പോള്‍ ചെന്നൈയുടെ വിവിധ മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. ചെന്നൈ, ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍, വിഴുപുരം, കള്ളക്കുറിച്ചി, കടലൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്.
ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറില്ലെന്നും തീവ്ര ന്യൂനമര്‍ദമായാണ് കരയില്‍ കടക്കുകയെന്നും വ്യാഴാഴ്ച അറിയിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:30 ഓടെയാണ് ന്യൂനമര്‍ദം ചുഴലിക്കാറ്റായത്. ഇത് മണിക്കൂറില്‍ 13 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചരിച്ചിരുന്നത്. ശനിയാഴ്ച കരയോട് അടുക്കുമ്പോള്‍ മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ വേഗം ഉണ്ടാകും. കടലൂര്‍ മുതല്‍ ചെന്നൈ വരെയുള്ള തീരങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാണ്. കടല്‍ക്കരയില്‍ പോകരുതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ജനങ്ങള്‍ കഴിയുന്നതും വീട്ടില്‍ തന്നെ കഴിയണം. കാറ്റില്‍ വൈദ്യുതക്കമ്പി പൊട്ടാനും മരങ്ങള്‍ കടപുഴകാനും സാധ്യതയുണ്ട്. മിന്നലോട് കൂടിയാണ് കനത്ത മഴ പെയ്യുക. എല്ലാ അത്യാവശ്യ സാധനങ്ങളും വീട്ടില്‍ ശേഖരിച്ചു വെക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്