ട്രംപുമായി കൂടിക്കാഴ്ച നടത്തി ജസ്റ്റിൻ ട്രൂഡോ

0

വാഷിങ്ടൻ : നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. വെള്ളിയാഴ്ച ഫ്ലോറിഡയിലെ ഡോണൾഡ് ട്രംപിന്റെ മാർ-എ-ലാഗോ ആഡംബര എസ്റ്റേറ്റിൽ വച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയതായി കനേഡിയൻ, അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാനഡയിൽ ഇറക്കുമതി തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രൂഡോയുടെ സന്ദർശനം.

ട്രൂഡോയുടെ വിമാനം പാം ബീച്ച് രാജ്യാന്തര എയർപോർട്ടിൽ ഉച്ചകഴിഞ്ഞാണ് ഇറങ്ങിയതെന്നാണ് വിവരം. ട്രൂഡോ ട്രംപിനൊപ്പം ഭക്ഷണം കഴിക്കുമെന്നും അദ്ദേഹത്തിന്റെ പൊതു സുരക്ഷാ മന്ത്രി ഡൊമിനിക് ലെബ്ലാങ്കും യാത്രയിൽ ഒപ്പമുണ്ടായിരുന്നുവെന്നും കനേഡിയൻ മാധ്യമമായ സിബിസി റിപ്പോർട്ട് ചെയ്തു. അപ്രഖ്യാപിത യാത്രയെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫിസ് സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല.

അയൽക്കാരായ കാനഡയ്ക്കും മെക്സിക്കോയ്ക്കും എതിരാളിയായ ചൈനയ്ക്കുമെതിരെ ഇറക്കുമതി താരിഫ് പ്രഖ്യാപിച്ചതു വഴി ട്രംപ് കാനഡയെ ഞെട്ടിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം നടത്തിയ കനേഡിയൻ കയറ്റുമതിയുടെ മുക്കാൽ ഭാഗവും യുഎസിലേക്ക് ആയിരുന്നു. ഏകദേശം രണ്ട് ദശലക്ഷം കനേഡിയൻ തൊഴിലുകൾ വ്യാപാരത്തെ ആശ്രയിച്ചാണ്. അമേരിക്കയ്‌ക്കെതിരായ പ്രതികാര താരിഫുകൾ കാനഡ പരിഗണിക്കുന്നുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്.

You might also like