യു.എ.ഇ.യിലെ ഫുജൈറയിൽ ഈ വർഷം ഒക്ടോബർ വരെ 9,901 വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തതായി പൊലീസ് അറിയിച്ചു. 10 പേർക്ക് ജീവൻ നഷ്ടമാവുകയും 169 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.
ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾ ഉണ്ടായത് ഒക്ടോബറിലാണ്. അതേസമയം അപകടങ്ങൾ കുറയ്‌ക്കാൻ ലക്ഷ്യമിട്ട് ‘മാറുന്ന കാലാവസ്ഥയിൽ സുരക്ഷിതമായ ഡ്രൈവിങ്’ എന്ന പ്രമേയത്തിൽ ഒരുമാസത്തെ ട്രാഫിക് കാമ്പെയ്ൻ ആരംഭിച്ചതായി ഫുജൈറ പൊലീസ് ജനറൽ കമാൻഡ്, ട്രാഫിക് ആൻഡ് പട്രോൾ ഡിപാർട്ട്മെൻറ് അറിയിച്ചു.
മൂടൽമഞ്ഞ്, പൊടിക്കാറ്റ്, മഴ, വെള്ളപ്പൊക്കം എന്നിവയുൾപ്പെടെ പ്രതികൂല കാലാവസ്ഥയിൽ ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്റെയും മുൻകരുതലുകൾ എടുക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ഡ്രൈവർമാർക്കിടയിൽ അവബോധം വളർത്താനാണ് കാമ്പെയ്ൻ.