ന്യൂഡൽഹി: പ്രോവിഡന്റ് ഫണ്ട് വരിക്കാർക്ക് അടുത്ത വർഷം മുതൽ പിഎഫ് തുക എടിഎം വഴി പിൻവലിക്കാം. ഇതിനായി പിഎഫ് വരിക്കാർക്ക് പ്രത്യേകം എടിഎം കാർഡുകൾ നൽകുമെന്ന് ലേബർ സെക്രട്ടറി സുമിത ദവ്‌റ പറഞ്ഞു. പിഎഫ് നിക്ഷേപത്തിന്റെ 50% വരെ എംടിഎം വഴി പിൻവലിക്കാൻ സാധിക്കും. പരിഷ്കാരം നടപ്പിലായാൽ തുക ലഭിക്കാൻ അപേക്ഷ നൽകി ദിവസങ്ങളോളം കാത്തിരിക്കേണ്ട വരില്ല. തൊഴിലാളികൾക്ക് അടിയന്തര സാഹചര്യങ്ങളിൽ മറ്റാരേയും ആശ്രയിക്കാതെ പിഎഫ് സമ്പാദ്യം ഉപയോഗിക്കാമെന്നതാണ് ഇതിന്റെ എറ്റവും വലിയ പ്രയോജനം.
നിലവിൽ ഏഴ് കോടി സജീവ അംഗങ്ങാണ് എംപ്ലോയ്മെന്റ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന് (ഇപിഎഫ്ഒ) ഉള്ളത് . ഗുണഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി മന്ത്രാലത്തിന് കീഴിലുള്ള ഐടി സംവിധാനങ്ങളുടെ നവീകരണം നടക്കുകയാണ്. തൊഴിലാളികളുടെ സാമ്പത്തിക സാശ്രയത്വം വർദ്ധിപ്പിക്കാനും ക്ലെയിമുകൾ വേഗത്തിൽ തീർപ്പാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ജനുവരി മുതൽ മാറ്റം പ്രാബല്യത്തിൽ വരുത്താനാണ് ശ്രമമെന്നും സുമിത ദവ്‌റ കൂട്ടിച്ചേർത്തു. പിഎഫ് അക്കൗണ്ടിൽ നിക്ഷേപിക്കാവുന്ന പരാവധി തുക വർദ്ധിപ്പിക്കുന്നതും സർക്കാരിന്റെ ആലോചനയിലാണ്. നിലവിലെ 12 % എന്ന പരിധി എടുത്ത് കളഞ്ഞ് ജീവനക്കാർക്ക് ഇഷ്ടമുള്ള തുക നൽകാൻ അനുവദിക്കുന്ന തരത്തിലുള്ള മാറ്റവും പരിഗണനയിലാണ്.