നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യമന്‍ പ്രസിഡന്റ് അനുമതി നൽകി

0

ഡൽഹി: മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം പാഴാകുന്നു. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യമന്‍ പ്രസിഡന്റ് അനുമതി നൽകി. യമനിലെ ജയിലിലുള്ള നിമിഷയുടെ വധശിക്ഷ ഒരുമാസത്തിനകം നടപ്പാക്കിയേക്കും. യമന്‍ പൗരനെ കൊലപ്പെടുത്തി എന്ന കേസിലാണ് നിമിഷ പ്രിയക്ക്‌ വധശിക്ഷ വിധിച്ചത്.

മാപ്പപേക്ഷ, ദയാധനം നല്‍കി മോചിപ്പിക്കല്‍ തുടങ്ങിയവ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയ യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് ജയിലിൽ കഴിയുന്നത്. 2017ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന തലാൽ പാസ്പോർട്ട് പിടിച്ചെടുത്തു നടത്തിയ ക്രൂര പീഡനമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ വാദം. ‌‌‌‌അടുത്തിടെ നിമിഷ പ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരി യെമനില്‍ പോയിരുന്നു.

വധശിക്ഷയ്ക്കെതിരായ നിമിഷപ്രിയയുടെ അപ്പീല്‍ യെമന്‍ സുപ്രീംകോടതി തള്ളിയതിനെ തുടര്‍ന്ന് യെമന്‍ പ്രസിഡന്റിന് ദയാഹര്‍ജി നല്‍കിയെങ്കിലും അംഗീകരിക്കപ്പെട്ടില്ല. കൂടാതെ, ബ്ലഡ് മണി നല്‍കിയുള്ള ഒത്തുതീര്‍പ്പിന് നീക്ക നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല.

അബ്ദുമഹ്ദിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 2017 ഓഗസ്റ്റിലാണ് നിമിഷയെ യെമന്‍ പോലീസ് അറസ്റ്റ് ചെയ്തത്. നിമിഷയ്ക്കൊപ്പം ക്ലിനിക്ക് നടത്തുകയായിരുന്ന ഇയാളെ നിമിഷയും കൂട്ടുകാരി ഹനാനും ചേര്‍ന്ന് മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്. ജൂലൈ 25നായിരുന്നു സംഭവം. ദിവസങ്ങള്‍ പിന്നിട്ടതോടെ ടാങ്കില്‍നിന്ന് ദുര്‍ഗന്ധം വമിച്ചു. ഇതോടെ പ്രദേശവാസികള്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്നാണ് കൊലപാതകം പുറത്തായത്.

You might also like