
കേരളത്തില്‍ ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കൂട്ടി; ആഴ്ചയില്‍ അഞ്ച് ദിവസവും പരീക്ഷ, പ്രതിദിനം 50 സ്ലോട്ടുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റുകള്‍ വൈകുന്നതുമായി ബന്ധപ്പെട്ട പരാതികളില്‍ അടിയന്തര ഇടപെടലുമായി ഗതാഗത വകുപ്പ്. അപേക്ഷകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായി അടുത്ത മൂന്ന് മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ തീരുമാനമായി. ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം ടെസ്റ്റ് നടന്നിരുന്ന സബ് ആര്‍ടിഓ ഓഫീസുകളിലും ഇനി മുതല്‍ അഞ്ച് ദിവസവും പരീക്ഷയുണ്ടാകും.
പ്രതിദിനം അനുവദിക്കുന്ന സ്ലോട്ടുകളുടെ എണ്ണം 50 ആയി ഉയര്‍ത്തിയിട്ടുണ്ട്. മുന്‍പ് കെ.ബി ഗണേഷ് കുമാര്‍ ഗതാഗത മന്ത്രിയായിരുന്ന സമയത്ത് ഒരു ദിവസം 60 ആയിരുന്ന സ്ലോട്ടുകള്‍ 40 ആയി കുറച്ചിരുന്നു. അതാണ് ഇപ്പോള്‍ 50 ആയി പുനക്രമീകരിച്ചത്. പുതിയ ക്രമീകരണം അനുസരിച്ച് ദിവസേനയുള്ള 50 സ്ലോട്ടുകളില്‍ 28 എണ്ണം പുതിയ ഡ്രൈവിങ് ടെസ്റ്റുകള്‍ക്കായും 20 എണ്ണം റീടെസ്റ്റിനായും ഉപയോഗിക്കും. ബാക്കിയുള്ള രണ്ട് സ്ലോട്ടുകള്‍ വിദേശത്ത് ജോലിക്കോ പഠനത്തിനോ പോകേണ്ട ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനായി നീക്കിവെച്ചിരിക്കുകയാണ്.
ഡ്രൈവിങ് പരീക്ഷയ്ക്ക് പുറമെ ലേണേഴ്‌സ് ലൈസന്‍സിനായുള്ള കാത്തിരിപ്പും കുറയ്ക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദേശം നല്‍കി. അപേക്ഷിച്ച് എട്ട് ദിവസത്തിനുള്ളില്‍ ലേണേഴ്‌സ് ടെസ്റ്റ് സ്ലോട്ടുകള്‍ ലഭ്യമാക്കാനാണ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുന്നത്
