കുവൈത്തിൽ ദേശീയ ദിനാഘോഷങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിൽ ദേശീയ ദിനാഘോഷങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. ഇന്ന് രാവിലെ 9 മണിക്ക് ഷെയഖ് മിഷാല്‍ അല്‍ അഹമദ് അല്‍ ജാബെര്‍ അല്‍ സബാഹ് ബയാൻ കൊട്ടാരത്തിൽ പതാക ഉയർത്തി. കുവൈത്തിന്റെ 64-ാം ദേശീയ ദിനം ഫെബ്രുവരി 25നാണ്. സദ്ദാം ഹുസൈന്റെ ഇറാഖ് അധിനിവേശത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ടതിന്റെ 34-ാം വാർഷികമാണ് വിമോചന ദിനമായി 26ന് കൊണ്ടാടുന്നത്.
കൊട്ടാരത്തിലെത്തിയ അമീറിന് പരമ്പരാഗത രീതിയിൽ സ്വീകരണം നൽകി. തുടർന്ന്, 21 ആചാര വെടിയുതിർത്തു. കരസേന, പൊലീസ്, നാഷനൽ ഗാർഡ് എന്നിവരുടെ സല്യൂട്ട് സ്വീകരിച്ചു. കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹ്, സുപ്രീം ജുഡീഷ്യൽ കൗൺസിൽ പ്രസിഡന്റും കോർട്ട് ഓഫ് കാസേഷൻ മേധാവിയുമായ അദെൽ ബൗറെസ്‌ലി, മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. രാജ്യത്തെ ആറ് ഗവർണറേറ്റുകളിലും ഗവർണർമാരുടെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തി. പൊതു കെട്ടിടങ്ങൾ, തെരുവോരങ്ങൾ എന്നിവ അമീറിന്റെയും കിരീടാവകാശിയുടെയും ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.