മൈക്രോസോഫ്റ്റില്‍ കൂട്ട പിരിച്ചുവിടല്‍; ഉടന്‍ പ്രാബല്യത്തിലെന്ന് കമ്പനി

0

ന്യൂയോര്‍ക്ക് :  ഫെയ്സ്ബുക്കിനു പിന്നാലെ മൈക്രോസോഫ്റ്റിലും ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുന്നു. ജീവനക്കാരുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് കൂട്ടപ്പിരിച്ചുവിടലെന്ന് ജീവനക്കാര്‍ക്ക് കമ്പനി അയച്ച നോട്ടീസില്‍ അറിയിച്ചു. നടപടിയുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റ് ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ കത്തുകള്‍ ലഭിച്ചു തുടങ്ങി.

ജോലിയില്‍ മോശം പ്രകടനവും നിലവാരവും പ്രതീക്ഷകളും നിറവേറ്റാത്തതിനാലാണ് പിരിച്ചുവിടുന്നതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ കത്ത് ലഭിച്ചവരെല്ലാം ഉടന്‍തന്നെ ജോലിയില്‍ നിന്ന് നീക്കം ചെയ്യപ്പെടും എന്നാണ് കമ്പനി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. ഏത് നിമിഷവും മൈക്രോസോഫ്റ്റ് കമ്പ്യൂട്ടറുകള്‍, അക്കൗണ്ടുകള്‍, കെട്ടിടങ്ങള്‍ എന്നിവയിലേക്കുള്ള പ്രവേശനം കത്ത് ലഭിച്ചവര്‍ക്ക് നഷ്ടമാകും. സുരക്ഷ, എക്‌സ്പീരിയന്‍സസ് ആന്‍ഡ് ഡിവൈസസ്, വില്‍പ്പന, ഗെയിമിംഗ് എന്നിവയുള്‍പ്പെടെ ഒന്നിലധികം വിഭാഗങ്ങളിലായാണ് പിരിച്ചുവിടല്‍ നടക്കുന്നത്.

കമ്പനിയുടെ കാര്‍ഡുകള്‍, മൈക്രോസോഫ്റ്റ് ഹാര്‍ഡ്വെയര്‍ സോഫ്റ്റ്വെയര്‍ ഉള്‍പ്പെടെ കമ്പനിയുടെ എല്ലാ സ്വത്തുക്കളും തിരികെ നല്‍കണമെന്നും ജീവനക്കാരോട് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കത്ത് ലഭിച്ചവര്‍ പിരിഞ്ഞു പോകുമ്പോള്‍ യാതൊരു വിധ ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കുകയില്ലായെന്നും കമ്പനി പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. 228000 മുഴുവന്‍ സമയ ജീവനക്കാരാണ് മൈക്രോസോഫ്റ്റില്‍ ജോലി ചെയ്യുന്നത്.

You might also like