തലയോലപ്പറമ്പ് വരിക്കാംകുന്ന് പള്ളിയിലെ സംഘർഷത്തിൽ 11പേർക്കെതിരെ കേസ്

0

കോട്ടയം: തലയോലപ്പറമ്പ് വരിക്കാംകുന്ന് പള്ളിയിലെ സംഘർഷത്തിൽ 11പേർക്കെതിരെ കേസ്. സംഘർഷം നടത്തിയവർ വൈദികന് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചെന്ന് എഫ്‌ഐആർ. ഫാദർ ജോൺ തോട്ടുപുറം നൽകിയ പരാതിയിലാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസമാണ് എറണാകുളംഅങ്കമാലി അതിരൂപതിയിൽപെട്ട വരിക്കാംകുന്ന് പളളിയിൽ ഇടവക വിശ്വാസികൾ പരസ്പരം ഏറ്റുമുട്ടിയത്. കുർബാനയ്ക്കിടെ വിമത വിഭാഗം പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെയാണ് ഫാദർ ജോൺ തോട്ടുപുറത്തിന് നേരെ ആക്രമണമുണ്ടായത്. തുടർന്ന് വിശ്വാസികൾ പരസ്പരം ഏറ്റുമുട്ടി. മുൻ വികാരി ജെറിൻ പാലത്തിങ്കലിന്റെ നേതൃത്വത്തിലാണ് സംഘർഷമെന്ന് ഔദ്യോഗിക വിഭാഗം ആരോപണം ഉയർത്തിയിരുന്നു. സംഭവത്തിന് പിന്നാലെ പൊലീസ് എത്തി പളളി പൂട്ടിച്ചിരുന്നു.
സഭയുടെ അംഗീകൃത കുർബാന അംഗീകരിക്കാത്തതിനെ തുടർന്ന് കഴിഞ്ഞദിവസം അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ പുതിയ പ്രീസ്റ്റ് ചാർജ് ആയി ജോൺ തോട്ടുപുറത്തെ നിയമിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച ജോൺ തോട്ടുപുറം കുർബാന അർപ്പിക്കാൻ എത്തിയത്. ഏകീകൃത കുർബാനയെ ചൊല്ലി ഏറെ നാളായി സഭയിൽ തർക്കം നിലനിൽക്കുന്നുണ്ട്. പളളിക്കുളളിൽ വെച്ച് കയ്യേറ്റം ഉണ്ടായെന്ന് കാണിച്ച് ആണ് ഫാദർ ജോൺ തോട്ടുപുറം പൊലീസിൽ പരാതി നൽകിയിരുന്നത്.

You might also like