വിശ്വാസികളുടെ ജീവിതത്തെ അനാവശ്യമായി വഷളാക്കുകയല്ല സഭാകോടതി നടപടികളുടെ ലക്ഷ്യം :മാർപാപ്പ

0

വത്തിക്കാൻ സിറ്റി: വിശ്വാസികളുടെ ജീവിതത്തെ അനാവശ്യമായി സങ്കീർണ്ണമാക്കുകയോ വ്യവഹാരങ്ങൾ വഷളാക്കുകയോ അല്ല സഭാകോടതി നടപടികളുടെ ലക്ഷ്യമെന്ന് മാർപ്പാപ്പാ.

പരിശുദ്ധസിംഹാസനത്തിൻറെ കോടതിയായ റോത്ത റൊമാനായുടെ കോടതിവത്സരോദ്ഘാടനത്തോടനവേളയിൽ ന്യായാധിപന്മാരുൾപ്പെടെ നാനൂറോളം പേരുടെ സംഘത്തെ പേപ്പൽ ഭവനത്തിലെ ക്ലെമൻറെയിൻ ശാലയിൽ വെള്ളിയാഴ്ച (31/01/2025) സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

റോമൻ റോത്തകോടതി പ്രധാനമായും വിവാഹമോചന സംബന്ധിയായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനാൽ പാപ്പായുടെ പ്രഭാഷണം അതിൽ കേന്ദ്രീകൃതമായിരുന്നു.

സത്യത്തിൻറെയും നീതിയുടെയും മാനദണ്ഡങ്ങളിൽ വീഴ്ചവരുത്താതെ തന്നെ അജപാലനപരമായ ഒരു സമീപനമാണ് വിവാഹമോചനസംബന്ധിയായ കാര്യത്തിൽ വേണ്ടതെന്നു പാപ്പാ ഓർമ്മിപ്പിച്ചു.

ഉപവിയാൽ പ്രചോദിതമായ വിവേകം, നീതി എന്നീ മഹത്തായ രണ്ടു പുണ്യങ്ങൾ ഇവിടെ ആവശ്യമാണെന്നും വിവേകവും നീതിയും തമ്മിൽ അഭേദ്യബന്ധമുണ്ടെന്നും പാപ്പാ പറഞ്ഞു. കാരണം സമൂർത്തമായി ശരിയായത് എന്താണ് എന്ന് അറിയുകയാണ് നിയമപരമായ വിവേകത്തിൻറെ അഭ്യാസം ലക്ഷ്യം വയ്ക്കുന്നതെന്നും പാപ്പാ വിശദീകരിച്ചു.

കുടംബം ത്രിയേകദൈവത്തിൻറെ സ്നേഹകൂട്ടായ്മയുടെ പ്രതിഫലനമാകയാൽ വിസ്താരപ്രക്രിയയിൽ ഓരോവ്യക്തിയും ദാമ്പത്യ-കുടുംബ യാഥാർത്ഥ്യങ്ങളെ സമീപിക്കേണ്ടത് ആദരവോടെയായിരിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

കൂടാതെ, വിവാഹത്തിൽ ഒന്നിച്ച ഇണകൾക്ക് അവിഭാജ്യതയുടെ ദാനം ലഭിച്ചിട്ടുണ്ടെന്നും അത് അവർ സ്വന്തം പരിശ്രമം കൊണ്ട് നേടിയെടുക്കേണ്ട ഒരു ലക്ഷ്യമോ അവരുടെ സ്വാതന്ത്ര്യത്തിൻറെ പരിധിയോ അല്ല, മറിച്ച് ദൈവത്തിൻറെ ഒരു വാഗ്ദാനമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു. വ്യക്തികൾ തമ്മിലുള്ള ബന്ധങ്ങളെ പവിത്രീകരിക്കുകയും വീണ്ടെടുക്കുകയും ചെയ്യുകയെന്ന മനോഹരവും മഹത്തായതുമായ ദൗത്യം നിക്ഷിപ്തമായവരാണ് റോത്ത റൊമാനയിലെ അംഗങ്ങളെന്നും പാപ്പാ അനുസ്മരിച്ചു.

You might also like