ജോ ബൈഡൻ്റെ സുരക്ഷാ അനുമതികൾ റദ്ദാക്കി; ഉത്തരവുമായി ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ:മുൻ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ്റെ സുരക്ഷാ അനുമതികൾ റദ്ദാക്കി. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നിർദേശത്തെ തുടർന്നാണ് നടപടി. സുരക്ഷാ അനുമതികൾക്കൊപ്പം മുൻ പ്രസിഡൻ്റ് എന്ന നിലയിൽ അദ്ദേഹത്തിന് രാജ്യത്തെ സംബന്ധിക്കുന്ന രഹസ്യ വിവരങ്ങൾ ലഭ്യമാകുന്നതിനുള്ള അവസരവും ട്രംപ് നിഷേധിച്ചു. 2021 ൽ ബൈഡൻ അധികാരത്തിലിരുന്ന സമയത്ത് ട്രംപിനോട് ഇതേ രീതിയിൽ പെരുമാറിയിരുന്നുവെന്നും, സെൻസിറ്റീവ് ഡാറ്റയുടെ കാര്യത്തിൽ ബൈഡനെ വിശ്വസിക്കാൻ കഴിയില്ലെന്ന് ട്രംപ് പറഞ്ഞു. ആയതിനാൽ ബൈഡനെ പുറത്താക്കുന്നുവെന്നും, സുരക്ഷാ അനുമതിയും ഇൻ്റലിജൻസ് ബ്രീഫിങ്ങുകൾ ലഭ്യമാകുന്നതിനുള്ള അവസരവും റദ്ദാക്കുന്നുവെന്നും ട്രംപ് വ്യക്തമാക്കി.
സ്ഥാനമൊഴിഞ്ഞ പ്രസിഡൻ്റുമാർക്ക് സാധാരണയായി സ്ഥാനമൊഴിഞ്ഞതിനുശേഷം ചില ഇന്റലിജൻസ് വിവരങ്ങൾ ലഭിക്കാറുണ്ട്. എന്നാൽ തനിക്ക് ഇത് ലഭിക്കുന്നത് ബൈഡൻ വിലക്കിയിരുന്നു. “ട്രംപിൻ്റെ അനിയന്ത്രിതമായ പെരുമാറ്റം കാരണം ഇൻ്റലിജൻസ് ബ്രീഫിംഗുകൾ ലഭിക്കുന്നത് തടയും”, എന്ന് ബൈഡൻ പറഞ്ഞിരുന്നു. ബൈഡൻ തനിക്കെതിരെ സ്വീകരിച്ച അതേ നടപടിയാണ് താനും പിന്തുടരുന്നതെന്ന് ട്രംപ് പറഞ്ഞു. ബൈഡന്റെ ഓർമശക്തി മോശമാണെന്ന് പറഞ്ഞ ട്രംപ്” സെൻസിറ്റീവ് വിവരങ്ങളുടെ കാര്യത്തിൽ ബൈഡനെ വിശ്വസിക്കാൻ കഴിയില്ല” എന്നും പറഞ്ഞു. എന്നാൽ ട്രംപിൻ്റെ ഉത്തരവിൽ ബൈഡൻ പ്രതികരിച്ചിട്ടില്ല.