![](https://christianexpressnews.com/wp-content/uploads/2025/02/0a-19.jpg?v=1739162018)
സഞ്ചാരികളുടെ ഇഷ്ടദേശമായി ദുബൈ: 2024 ൽ സന്ദർശിച്ചത്1.87 കോടി സഞ്ചാരികൾ
ദുബൈ: സഞ്ചാരികളുടെ ഇഷ്ടദേശമായി ദുബൈ തുടരുന്നു എന്ന് തെളിയിക്കുന്ന കണക്കുകളാണ് ഭരണകൂടം പുറത്തുവിട്ടത്. സഞ്ചാരികൾ കൂട്ടത്തോടെ എത്തിയതോടെ 78.2 ശതമാനമാണ് നഗരത്തിലെ ഹോട്ടലുകളുടെ ഒകുപെൻസി നിരക്ക്. 2023ൽ ഇത് 77.4 ശതമാനമായിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് ഹോട്ടൽ മുറികളുടെ എണ്ണത്തിൽ രണ്ടു ശതമാനത്തിന്റെ വർധനയുണ്ടായി. 832 സ്ഥാപനങ്ങളിലായി ഒന്നര ലക്ഷത്തിലേറെ മുറികളാണ് നഗരത്തിലുള്ളത്. ഇതിൽ അമ്പതിനായിരത്തിലേറെ മുറികൾ പഞ്ചനക്ഷത്ര സൗകര്യമുള്ളതാണ്.
ഗവണ്മെന്റ്-സ്വകാര്യ മേഖലയുടെ ശക്തമായ പിന്തുണയോടെയാണ് ടൂറിസം മേഖലയിൽ ഇത്രയും വലിയ വളർച്ച കൈവരിക്കാനായതെന്ന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് പറഞ്ഞു. ലോകത്തെ ഒരുമിപ്പിക്കുന്ന നഗരമായ ദുബൈയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.
ജനുവരി ആദ്യവാരം ദുബൈ ഇകോണമി ആന്റ് ടൂറിസം വകുപ്പ് പുറത്തുവിട്ട കണക്കു പ്രകാരം പടിഞ്ഞാറൻ യൂറോപ്യൻ രാഷ്ട്രങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ ആളുകൾ ദുബൈയിലെത്തിയത്. ആകെ സന്ദർശകരുടെ ഇരുപത് ശതമാനവും ഇവിടെ നിന്നാണ്. ദക്ഷിണേഷ്യയിൽ നിന്ന് 28.5 ലക്ഷം പേരും ജിസിസി രാഷ്ട്രങ്ങളിൽ നിന്ന് 25 ലക്ഷം പേരും ദുബൈ കാണാനെത്തി.