യുഎസിന് പകരം തീരുവ പ്രഖ്യാപിച്ച് യൂറോപ്പും

0

വാഷിങ്ടൻ : സ്റ്റീൽ, അലുമിനിയം ഇറക്കുമതിക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ 25% തീരുവ പ്രാബല്യത്തിലായതിനു തൊട്ടുപിന്നാലെ അമേരിക്കയുടെ മേൽ യൂറോപ്യൻ യൂണിയൻ പകരം തീരുവ (കൗണ്ടർ താരിഫ്) ഏർപ്പെടുത്തി. ഇതോടെ, ആഗോള വ്യാപാരമേഖലയിൽ യുദ്ധസാഹചര്യമായി. യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന 26 ബില്യൻ യൂറോ (2800 കോടി ഡോളർ) മൂല്യം വരുന്ന ഉൽപന്നങ്ങൾക്കു പകരം തീരുവ ഏർപ്പെടുത്തുമെന്ന് യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺഡെർ ലെയൻ പറഞ്ഞു. നിലവിൽ ഇത്രയും തുകയ്ക്കുള്ള ഉൽപന്നങ്ങളാണ് പ്രതിവർഷം യൂറോപ്യൻ യൂണിയൻ യുഎസിലേക്കു കയറ്റുമതി ചെയ്യുന്നത്.

വിവിധ രാജ്യങ്ങൾക്കും യൂറോപ്യൻ യൂണിയനുമുള്ള പ്രത്യേക തീരുവ ഏപ്രിൽ 2 മുതലാണു യുഎസ് നടപ്പാക്കുക. എന്നാൽ, ഏപ്രിൽ ഒന്നിനു തന്നെ യുഎസിനുള്ള തീരുവയിളവ് പിൻവലിക്കുമെന്നു യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. അതേസമയം, തീരുവ വർധന വ്യവസായ മുരടിപ്പുണ്ടാകുമെന്ന മുന്നറിയിപ്പുമായി വൻ കോർപറേറ്റുകൾ രംഗത്തെത്തി. ഈ വർഷം തന്നെ അമേരിക്ക സാമ്പത്തികമാന്ദ്യത്തിലേക്കു പോകാനുള്ള സാധ്യത 40% ആണെന്ന് ജെപി മോർഗൻ മുന്നറിയിപ്പു നൽകി. ഇന്ത്യയും അമേരിക്കയിലേക്ക് അലുമിനിയവും സ്റ്റീലും കയറ്റി അയയ്ക്കുന്നുണ്ട്. ഉയർന്ന തീരുവ 43,500 കോടി രൂപയുടെ എൻജിനീയറിങ് ഉൽപന്നങ്ങളുടെ കയറ്റുമതിയെ ബാധിക്കുമെന്ന് എൻജിനീയറിങ് എക്സ്പോർട് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ (ഇഇപിസി) ചൂണ്ടിക്കാട്ടുന്നു.

You might also like