
അമേരിക്കന്‍ കാറുകള്‍ക്ക് 25% നികുതി ചുമത്തി കാനഡ; ട്രംപിന്റെ താരിഫുകളെ ശക്തമായി നേരിടുമെന്ന് കാര്‍ണി
ഒട്ടാവ: അമേരിക്കയുടെ പുതിയ താരിഫ് നയത്തിന് തിരിച്ചടിയുമായി കാനഡ. യു.എസ് വാഹനങ്ങള്‍ക്ക് 25 ശതമാനം നികുതി ചുമത്തി പ്രതികാരം ചെയ്യുമെന്ന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച വിവിധ രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന താരിഫുകള്‍ പ്രഖ്യാപിച്ചിരുന്നു.
ട്രംപിന്റെ നടപടികള്‍ കാനഡയിലും ലോകമെമ്പാടും പ്രതിധ്വനിക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അവയെല്ലാം ന്യായീകരിക്കാനാവാത്തതും അനാവശ്യവുമാണ്. യുഎസ് വ്യാപാര നയത്തിന് മറുപടിയായി, ഭൂഖണ്ഡാന്തര സ്വതന്ത്ര വ്യാപാര കരാറിന് അനുസൃതമല്ലാത്ത വാഹനങ്ങള്‍ക്ക് തന്റെ സര്‍ക്കാര്‍ നികുതി ചുമത്തുമെന്നും കാര്‍ണി പറഞ്ഞു.
ട്രംപിന്റെ പുതിയ താരിഫ് പ്രഖ്യാപനത്തെ തുടര്‍ന്ന് ആഗോള സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിലായ പശ്ചാത്തലത്തിലാണ് കാര്‍ണിയുടെ പരാമര്‍ശങ്ങള്‍. ചില രാജ്യങ്ങള്‍ അമേരിക്കയുമായി പുതിയ വ്യാപാര ബന്ധം സ്ഥാപിക്കുന്നതോടെ വിപണികളില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നതെന്നും അദേഹം പറഞ്ഞു