
രാജ്യാന്തര വിദ്യാർഥികളുടെ വീസകൾ അപ്രതീക്ഷിതമായി റദ്ദാക്കുന്നതായി യുഎസിലെ വിവിധ കോളജുകൾ
വാഷിങ്ടൻ : രാജ്യാന്തര വിദ്യാർഥികളുടെ വീസകൾ അപ്രതീക്ഷിതമായി റദ്ദാക്കുന്നതായി യുഎസിലെ വിവിധ കോളജുകൾ റിപ്പോർട്ട് ചെയ്യുന്നു. വിദ്യാർഥികൾക്കും ക്യാംപസ് ഉദ്യോഗസ്ഥർക്കും ആശങ്ക ഉയർത്തുന്നതാണ് ഈ നടപടി. അടുത്തയിടെ കോഴ്സ് പൂർത്തിയാക്കിയവരെയും ഇതു സാരമായി ബാധിക്കും. വിദ്യാർഥികളുടെ നിയമപരമായ പദവി അവസാനിപ്പിച്ചതായി കണ്ടെത്തിയ കോളജുകളുടെ പട്ടികയിൽ ഹാർവഡ്, സ്റ്റാൻഫഡ്, മിഷിഗൻ, യുസിഎൽഎ, ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവ ഉൾപ്പെടുന്നു. പല കാരണങ്ങളാൽ വീസകൾ റദ്ദാക്കപ്പെടാം. പക്ഷേ വിദ്യാർഥികൾക്കോ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കോ അറിയിപ്പു നൽകാതെയാണു സർക്കാർ വിദ്യാർഥികളുടെ നിയമപരമായ റെസിഡൻസി പദവി നിശബ്ദമായി അവസാനിപ്പിക്കുന്നതെന്നു ബന്ധപ്പെട്ടവർ പറയുന്നു.
പലസ്തീൻ അനുകൂല പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടവരെ ട്രംപ് ഭരണകൂടം ലക്ഷ്യം വച്ചിട്ടുണ്ട്. കൊളംബിയ സർവകലാശാലയിലെ പ്രതിഷേധങ്ങൾക്കു നേതൃത്വം നൽകിയ ഗ്രീൻ കാർഡ് ഉടമയായ മഹ്മൂദ് ഖലീൽ ഉൾപ്പെടെയുള്ള ചില പ്രമുഖ വിദ്യാർഥികൾ ഇത്തരത്തിലുള്ള നടപടി നേരിട്ടവരിൽ ഉൾപ്പെടുന്നു. കഴിഞ്ഞ മാസം വഴിയിലൂടെ നടക്കുമ്പോൾ ഫെഡറൽ ഏജന്റുമാർ തടഞ്ഞ, ടഫ്റ്റ്സ് സർവകലാശാലയിലെ പിഎച്ച്ഡി വിദ്യാർഥിനിയും തുർക്കി പൗരയുമായ റുമേയ്‌സ ഓസ്‌ടർക്കിന്റെ കാര്യം ഇതിൽ ഏറെ ചർച്ചയായതാണ്.
പ്രതിഷേധങ്ങളിലൊന്നും പങ്കാളികളല്ലാത്തവരുടെ വീസയും റദ്ദുചെയ്യപ്പെടുന്നുണ്ട്. വാഹനം ഓടിച്ചതിലെ നിയമലംഘനം ചൂണ്ടിക്കാണിച്ച് വീസ റദ്ദു ചെയ്തതായും റിപ്പോർട്ടുണ്ട്. രണ്ടു വിദ്യാർഥികൾ ഇതിനെതിരെ കേസ് നൽകിയെന്നാണ് വിവരം.