
അമേരിക്കയുടെ വ്യാപാരരംഗത്തെ ഭീഷണി ചെറുക്കാൻ സുസജ്ജമെന്ന് ചൈന
ബെയ്ജിങ്: അമേരിക്കയുടെ വ്യാപാരരംഗത്തെ ഭീഷണി ചെറുക്കാൻ സുസജ്ജമെന്ന് ചൈന. അമേരിക്കയുടെ ‘ബ്ലാക്മെയിലിങ്ങി’നെതിരെ പോരാടുമെന്നും ചൈന വ്യക്തമാക്കി. ഇതോടെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടങ്ങിവെച്ച പകരച്ചുങ്കം ലോകരാജ്യങ്ങൾ തമ്മിലുള്ള സമ്പൂർണ വ്യാപാരയുദ്ധമായി മാറുമെന്ന് ഏതാണ്ടുറപ്പായി. ചൈനക്കെതിരെ 50 ശതമാനം കൂടി തീരുവ ചുമത്തുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇത് പ്രയോഗത്തിൽ വന്നാൽ, ചൈനയിൽനിന്ന് യു.എസിലേക്കുള്ള സാധനങ്ങൾക്ക് 104 ശതമാനം നികുതിയാകും.
അമേരിക്ക വ്യാപാരയുദ്ധത്തിനാണ് തയാറെടുക്കുന്നതെങ്കിൽ തങ്ങൾ അവസാനം വരെ പോരാടാൻ ഒരുക്കമാണെന്ന് ചൈന വിദേശ മന്ത്രാലയ വക്താവ് ലിൻ ജിയാൻ പറഞ്ഞു. അധിക താരിഫ് അമേരിക്കയുടെ ഭീഷണി സ്വഭാവമാണ് വ്യക്തമാക്കുന്നത്. അമേരിക്ക താരിഫ് വർധിപ്പിച്ചാൽ ചൈന സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള കാര്യങ്ങൾ ചെയ്യും. വ്യാപാരയുദ്ധത്തിൽ വിജയികളുണ്ടാകില്ല. ചൈന ഒരു പ്രശ്നവുമുണ്ടാക്കില്ല. എന്നാൽ, പ്രശ്നത്തിനെ ഭയക്കുകയുമില്ല. ഭീഷണിപ്പെടുത്തിയോ സമ്മർദം ചെലുത്തിയോ ഞങ്ങളുമായി ഇടപഴകാൻ നോക്കരുത്. രണ്ടു രാജ്യങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും താൽപര്യം പരിഗണിക്കാതെ അമേരിക്ക താരിഫ് യുദ്ധത്തിനിറങ്ങിയാൽ ചൈന അവസാനംവരെ രംഗത്തുണ്ടാകും. -ലിൻ കൂട്ടിച്ചേർത്തു