
സൗദിയിൽ വിദേശികളുടെ അവധിയും രാജിയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം വരുന്നു
റിയാദ്: സൗദിയിൽ വിദേശികളുടെ അവധിയും രാജിയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം വരുന്നു. തൊഴിൽ നിയമങ്ങളിൽ വരുത്തിയ മാറ്റങ്ങൾ ഗസറ്റിൽ പ്രസിദ്ധീകരിച്ചു. എതിർപ്പുകളോ തിരുത്തലോ ശിപാർശ ചെയ്തില്ലെങ്കിൽ ആറ് മാസത്തിനകം ഉത്തരവ് പ്രാബല്യത്തിൽ വരും. രണ്ടാഴ്ച മുമ്പ് സൗദി മന്ത്രിസഭ അംഗീകരിച്ച ഭേദഗതികളാണ് ഗസറ്റിൽ പ്രസിദ്ധീകരിച്ചത്.
പരിഷ്‌കരിച്ച നിയമപ്രകാരം തൊഴിലാളികൾ രാജിക്കത്തു നൽകിയാൽ അറുപത് ദിനം വരെ ഇതംഗീകരിക്കാതിരിക്കാൻ തൊഴിലുടമക്ക് അധികാരമുണ്ട്. തൊഴിലാളിയില്ലാതെ സ്ഥാപനത്തിന് മുന്നോട്ട് പോകാനാകാത്ത സാഹചര്യത്തിലാണ് സ്ഥാപനപനത്തിന് ഈ നിലപാട് സ്വീകരിക്കാനാവുക. എന്നാൽ ഇത് സംബന്ധിച്ച് തൊഴിലാളിക്ക് തൊഴിലുടമ രേഖമൂലമുള്ള അറിയിപ്പ് നൽകേണ്ടതാണ്. ഏതു സാഹചര്യത്തിലായാലും തൊഴിലാളി രാജി നോട്ടീസ് നൽകിയത് മുതൽ 30 ദിവസത്തിനകം തൊഴിലുടമ അതിനോട് പ്രതികരിക്കേണ്ടതാണ്.
30 ദിവസത്തിനകം പ്രതികരിക്കാത്ത സാഹചര്യത്തിൽ രാജി സ്വീകരിച്ചതായി പരിഗണിക്കും. എന്നാൽ രാജിക്കത്ത് സ്വീകരിക്കുന്നത് നീട്ടിവെക്കുന്നുവെന്ന അറിയിപ്പ് തൊഴിലാളിക്ക് നൽകിയാൽ, നീട്ടി വെച്ച കാലയളവ് അവാസാനിക്കുന്നതോടെയാണ് കരാർ അവസാനിക്കുക. രാജി സമർപ്പിച്ച തൊഴിലാളിക്ക് 7 ദിവസത്തിനുള്ള രാജി പിൻവലിക്കാനും അവകാശമുണ്ട്. എന്നാൽ ഇതിനകം രാജി സ്വീകിച്ചിട്ടുണ്ടെങ്കിൽ പിൻവലിക്കൽ സാധിക്കില്ല.