ആയുധ വിപണിയില്‍ വന്‍ ശക്തിയാവാന്‍ ഇന്ത്യയും; റഷ്യയെ ആശ്രയിക്കുന്ന രാജ്യങ്ങളെ ലക്ഷ്യമിട്ട് ആയുധക്കയറ്റുമതി

0

ന്യൂഡല്‍ഹി: ആഗോള ആയുധ വിപണിയില്‍ ശക്തമായ സാന്നിധ്യമായി മാറാന്‍ തന്ത്ര പ്രധാനമായ നീക്കവുമായി ഇന്ത്യ. കാലങ്ങളായി റഷ്യന്‍ ആയുധങ്ങളെ ആശ്രയിക്കുന്ന രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് പ്രധാനമായും ആയുധക്കയറ്റുമതിക്ക് ശ്രമിക്കുന്നത്. ഇതിലൂടെ ഇന്ത്യ തന്ത്രപരമായ പ്രതിരോധ ബന്ധം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുകയാണ്.

ആയുധവില്‍പന ലക്ഷ്യമിട്ട് ചില രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് ഡിഫന്‍സ് അറ്റാഷെമാരെ നിയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. അതാത് സര്‍ക്കാരുമായി നേരിട്ട് പ്രതിരോധ ഇടപാടുകള്‍ നടത്തുന്നത് ലക്ഷ്യമിട്ടാണ് നയതന്ത്ര നീക്കം.

കൂടാതെ ഇത്തരം രാജ്യങ്ങള്‍ക്ക് അങ്ങോട്ട് വായ്പയായി പണം നല്‍കി അതുപയോഗിച്ച് ഇന്ത്യന്‍ ആയുധങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്നുമുണ്ട്. ഇന്ത്യയില്‍ നിന്ന് കുറഞ്ഞ വിലയുള്ള ഗുണമേന്മയുള്ള ആയുധങ്ങള്‍ വാങ്ങി പരീക്ഷിക്കാനുള്ള പ്രലോഭനമാണ് ഇന്ത്യ മുന്നോട്ടുവെക്കുന്നത്. ഇന്ത്യയ്ക്ക് ആവശ്യമായ ആയുധങ്ങളില്‍ 60 ശതമാനവും തദ്ദേശീയമായി തന്നെ നിര്‍മിക്കുന്നുണ്ട്. യുദ്ധവിമാനങ്ങളുടെയും പീരങ്കി-ടാങ്കുകള്‍ക്ക് ആവശ്യമായ എന്‍ജിനുകള്‍, കപ്പല്‍ എന്‍ജിനുകള്‍ ദീര്‍ഘദൂര വ്യോമപ്രതിരോധ സംവിധാനങ്ങള്‍ എന്നിവയ്ക്ക് ഇപ്പോഴും വിദേശ ആശ്രിതത്വമുണ്ടെങ്കിലും വെടിക്കോപ്പ് നിര്‍മാണത്തില്‍ ഇന്ത്യ സ്വയംപര്യാപതമാണ്.

ഈ രംഗത്തേക്ക് സ്വകാര്യ കമ്പനികള്‍കൂടി കടന്നുവന്നതോടെ ഇവയുടെ കയറ്റുമതി സാധ്യത പരമാവധി ഉപയോഗപ്പെടുത്താനാണ് ഇന്ത്യയുടെ ശ്രമം. ആയുധ കയറ്റുമതിയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വര്‍ധനവുണ്ടാകുമെന്നാണ് കരുതുന്നത്. ഉക്രെയ്ന്‍-റഷ്യ യുദ്ധമാണ് ഇന്ത്യയ്ക്ക് മുന്നില്‍ അവസരങ്ങള്‍ തുറന്നത്.

You might also like