
സുപ്രിം കോടതിയുടെ മാനദണ്ഡങ്ങൾ പാലിക്കാതെ വീട് പൊളിച്ചുമാറ്റി; ബുൾഡോസർ രാജിൽ ഹൈക്കോടതിയോട് മാപ്പ് പറഞ്ഞ് നാഗ്‌പൂർ മുനിസിപ്പൽ കമ്മീഷണർ
സുപ്രിം കോടതിയുടെ മാനദണ്ഡങ്ങൾ പാലിക്കാതെ വീട് പൊളിച്ചുമാറ്റിയതിന് നാഗ്‌പൂർ മുനിസിപ്പൽ കമ്മീഷണർ ചൊവ്വാഴ്‌ച ബോംബെ ഹൈക്കോടതിയുടെ നാഗ്‌പൂർ ബെഞ്ചിനോട് നിരുപാധികം മാപ്പ് പറഞ്ഞു. മാർച്ച് 17 ന് നാഗ്‌പൂരിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് പൊലീസ് ആരോപിക്കുന്ന ഫഹിം ഖാൻ്റെ വീട് നഗരസഭപൊളിച്ചുമാറ്റിയിരുന്നു.
സംഘർഷത്തിൽ പ്രതികളായ ആളുകളുടെ സ്വത്തുക്കൾ പൊളിക്കുന്നതിന് മുൻപ് പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ചുള്ള സുപ്രിം കോടതി ഉത്തരവിനെക്കുറിച്ച് ടൗൺ പ്ലാനിംഗ്, ചേരി വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് അറിയില്ലായിരുന്നുവെന്ന് നാഗ്‌പൂർ മുനിസിപ്പൽ കമ്മീഷണർ അഭിജിത് ചൗധരി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഫഹിമിൻ്റെ പിതാവ് അബ്‌ദുൾ ഹാഫിസിൻ്റെയും(96) മാതാവ് മെഹ്റുന്നിസയുടെയും(69) ഹരജികൾ പരിഗണിക്കുകയായിരുന്നു കോടതി. സുപ്രിം കോടതിയുടെ ഉത്തരവുകൾ ലംഘിച്ചുകൊണ്ട് ഏകപക്ഷീയമായ രീതിയിലാണ് പൊളിച്ചുമാറ്റൽ നടത്തിയതെന്ന് ഹരജിക്കാർ വാദിച്ചതിനെത്തുടർന്ന് മാർച്ച് 25 ന് ഹൈക്കോടതി കൂടുതൽ പൊളിക്കൽ നടപടികൾ നിർത്തിവച്ചിരുന്നു.