
വിദ്യാർഥികളുടെ സുരക്ഷ: സി.ബി.എസ്.ഇ സ്കൂളുകളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കും
കൊച്ചി: വിദ്യാർഥികളുടെ സുരക്ഷ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി രാജ്യത്തെ എല്ലാ സി.ബി.എസ്.ഇ സ്കൂളുകളിലും സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്നു. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ) ഇത് സംബന്ധിച്ച നിർദേശം എല്ലാ സ്കൂളുകൾക്കും നൽകിക്കഴിഞ്ഞു. സ്‌കൂൾ പരിസരത്തെ എല്ലാ പ്രധാന സ്ഥലങ്ങളിലും ഓഡിയോ വിഷ്വൽ റെക്കോഡിങ്ങുള്ള ഉയർന്ന റെസല്യൂഷൻ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാനാണ് നിർദേശം.
കാമറകൾ നിർബന്ധമാക്കിക്കൊണ്ടുള്ള സർക്കുലറും സി.ബി.എസ്.ഇ പുറത്തിറക്കി. സി.ബി.എസ്.ഇ അഫിലിയേഷനുള്ള സ്കൂളുകളിലെ ടോയ്ലറ്റുകളും ശുചിമുറികളും ഒഴികെയുള്ള എല്ലാപ്രധാന ഇടങ്ങളിലും കാമറകൾ സ്ഥാപിക്കും. 2018 ലെ അഫിലിയേഷൻ നിയമാവലി ഭേദഗതി വരുത്തിയാണ് സി.ബി.എസ്.ഇ സ്കൂളുകളിൽ കാമറ നിർബന്ധമാക്കിയിരിക്കുന്നത്. അധികൃതർക്ക് 15 ദിവസത്തെ ഫൂട്ടേജ് ബാക്കപ്പും ലഭ്യമാക്കുന്ന തരത്തിലായിരിക്കും കാമറകൾ സജ്ജീകരിക്കുക.
