
കരൂര്‍ ദുരന്തം: ആശ്രിത നിയമനം റദ്ദാക്കി മദ്രാസ് ഹൈക്കോടതി; സര്‍ക്കാരിന് തിരിച്ചടി
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി. കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടിയായ ടിവികെയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയ്ക്കിടെയായിരുന്നു അപകടം.
ദുരന്തത്തില്‍ അകപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ആശ്രിത നിയമനം മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് റദ്ദാക്കിയത്. നിയമനം ആര്‍ട്ടിക്കിള്‍ 14, 16 എന്നിവയുടെ ലംഘനമാണെന്ന് ജസ്റ്റിസ് സി.വി കാര്‍ത്തികേയന്‍, ജസ്റ്റിസ് ആര്‍. ശക്തിവേല്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും ആശ്രിത നിയമനത്തിനായി നിരവധി പേര്‍ കാത്തിരിക്കുന്നുണ്ടെന്നും അവരുടെ ആവശ്യങ്ങള്‍ അവഗണിച്ച് ഈ കേസില്‍ മാത്രം നിയമനം നല്‍കുന്നത് അനുചിതമാണെന്നും ബെഞ്ച് വ്യക്തമാക്കി.
നിയമനങ്ങള്‍ക്കായി നിരവധി ആളുകള്‍ വെയ്റ്റിങ് ലിസ്റ്റില്‍ ഉള്ളപ്പോള്‍ അവരെയും ആശ്രിത നിയമനങ്ങള്‍ക്കായി കാത്തിരിക്കുന്നവരെയും അവഗണിച്ചുകൊണ്ടാണ് കരൂരിലെ സംഭവത്തില്‍ സാന്ത്വനം എന്ന പേരില്‍ സഹായം നല്‍കുന്നത്. അത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനുടെ 162-ാം അനുച്ഛേദം അനുസരിച്ച് സംസ്ഥാനത്തിന് ഭരണപരമായ അധികാരങ്ങള്‍ ഉപയോഗിച്ചാണ് ഉത്തരവുകള്‍ പുറപ്പെടുവിച്ചതെന്ന് തമിഴ്നാട് സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ ഭരണപരമായ അധികാരങ്ങള്‍ ഭരണഘടനാപരമായ പരിധിക്കുള്ളില്‍ ആയിരിക്കണം. യാതൊരു നിയന്ത്രണവുമില്ലാതെയാണ് ഉത്തരവുകളെങ്കില്‍ അത് അരാജകത്വത്തിലേക്ക് നയിക്കുമെന്നും കോടതി പറഞ്ഞു
