രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ 200 കോടി പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാന്‍ റിസര്‍വ് ബാങ്ക്; അനുമതി നല്‍കി കേന്ദ്രം

0

ന്യൂഡല്‍ഹി: കടലാസ് കറന്‍സികള്‍ക്ക് പകരം കൂടുതല്‍ കാലം ഈടുനില്‍ക്കുന്ന പോളിമര്‍ (പ്ലാസ്റ്റിക്) നോട്ടുകള്‍ വിപണിയിലിറക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തയാറെടുക്കുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ 10, 20 രൂപ മൂല്യമുള്ള 100 കോടി വീതം, ആകെ 200 കോടി പോളിമര്‍ നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐ നിര്‍ദേശത്തിന് കേന്ദ്ര ധനകാര്യ മന്ത്രാലയം ഔദ്യോഗികമായി അംഗീകാരം നല്‍കി.

ലോക്സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യ ഘട്ടത്തിലെ ഫീല്‍ഡ് ട്രയല്‍ വിജയിച്ചാല്‍ മാത്രമേ പോളിമര്‍ നോട്ടുകള്‍ വിപണിയില്‍ കൂടുതല്‍ വ്യാപകമാക്കുകയുള്ളൂ. നിലവിലുള്ള കടലാസ് കറന്‍സികള്‍ പെട്ടെന്ന് മുഷിയുന്നതും കേടുപാടുകള്‍ സംഭവിക്കുന്നതുമാണ് പുതിയ മാറ്റത്തിന് പ്രധാന കാരണം. കടലാസ് നോട്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പോളിമര്‍ നോട്ടുകള്‍ക്ക് ദീര്‍ഘായുസും ഉയര്‍ന്ന ഈടുനില്‍പ്പും ഉണ്ടാകുമെന്ന് അന്താരാഷ്ട്ര പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയെപ്പോലെ പണ വിനിമയം വളരെ ഉയര്‍ന്ന അളവില്‍ നടക്കുന്ന സമ്പദ്‌വ്യവസ്ഥകളില്‍ കുറഞ്ഞ മൂല്യമുള്ള നോട്ടുകള്‍ക്ക് പ്ലാസ്റ്റിക് കോട്ടിങ് കൂടുതല്‍ അനുയോജ്യമാണെന്നാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍. അതേസമയം പ്ലാസ്റ്റിക് നോട്ടുകള്‍ അവതരിപ്പിക്കുന്നത് നിലവിലെ കടലാസ് കറന്‍സികളുടെ അവസാനമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ വ്യക്തമാക്കി. വിപണിയിലുള്ള കടലാസ് നോട്ടുകള്‍ പൂര്‍ണമായി പിന്‍വലിക്കാനോ അവയ്ക്ക് പകരം പ്ലാസ്റ്റിക് നോട്ടുകള്‍ മാത്രം ഉപയോഗിക്കാനോ നിലവില്‍ പദ്ധതിയില്ല

You might also like