
സംസ്ഥാനത്ത് ഷിഗെല്ല വ്യാപനം ശക്തമാകുന്നു: ഇന്ന് 10 പേര്‍ക്ക് കൂടി രോഗബാധ
തിരുവനന്തപുരം: കോവിഡിനും നിപയ്ക്കും പിന്നാലെ സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയും എബോള ഭീഷണിയും ഉയര്‍ത്തി ആരോഗ്യ വകുപ്പിന്റെ കടുത്ത ജാഗ്രതാ നിര്‍ദേശം. ഇന്ന് മാത്രം സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. നാല് ജില്ലകളിലാണ് ഇന്ന് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഈ വര്‍ഷം കേരളത്തില്‍ ഷിഗെല്ല ബാധിച്ചവരുടെ ആകെ എണ്ണം 226 ആയി ഉയര്‍ന്നു.
ജൂണ്‍ മാസം മാത്രം സംസ്ഥാനത്ത് 150 പേര്‍ക്ക് രോഗം ബാധിക്കുകയും ആറ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. രോഗ വ്യാപനം അനിയന്ത്രിതമായ സാഹചര്യത്തില്‍ നിലവില്‍ നാല് ജില്ലകളില്‍ ആരോഗ്യ വകുപ്പ് ഔദ്യോഗികമായി ഔട്ട്ബ്രേക്ക് (രോഗവ്യാപന അടിയന്തരാവസ്ഥ) പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് (49), വയനാട് (20), തൃശൂര്‍ (12), ആലപ്പുഴ (3) എന്നിവയാണ് ഈ ജില്ലകള്‍.
ഇതിനുപുറമേ, ജൂണ്‍ മാസത്തില്‍ മലപ്പുറം (21), തിരുവനന്തപുരം (17), കണ്ണൂര്‍ (10), കൊല്ലം (9), ഇടുക്കി (3), എറണാകുളം (3), പാലക്കാട് (3) എന്നിവിടങ്ങളിലും ഷിഗെല്ല കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ശുചിത്വക്കുറവിലൂടെയും മലിനമായ വെള്ളത്തിലൂടെയും പകരുന്ന രോഗമായതിനാല്‍ കര്‍ശനമായ വകുപ്പുതല ഏകോപനത്തോടെയാണ് താലൂക്ക് തലങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്
