
ഇന്ധന സുരക്ഷയ്ക്ക് പുതിയ നീക്കം: എല്‍.പി.ജി, എല്‍.എന്‍.ജി കരുതല്‍ ശേഖരത്തിനായി കേന്ദ്ര സര്‍ക്കാര്‍; പാചക വാതകത്തിന് വില ഉയര്‍ന്നേക്കും
ന്യൂഡല്‍ഹി: അന്താരാഷ്ട്ര തലത്തിലുണ്ടാകുന്ന ഇന്ധന വിതരണ തടസങ്ങളെ നേരിടാന്‍ രാജ്യത്ത് ആദ്യമായി പാചകവാതകത്തിന്റെ (എല്‍.പി.ജി)യും പ്രകൃതിവാതകത്തിന്റെ (എല്‍.എന്‍.ജി)യും തന്ത്രപരമായ കരുതല്‍ ശേഖരം നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു.
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ഈ വന്‍കിട പദ്ധതിക്ക് തുക കണ്ടെത്തുന്നതിന് ഉപയോക്താക്കളില്‍ നിന്ന് പ്രത്യേക സെസ് ഈടാക്കാന്‍ പെട്രോളിയം മന്ത്രാലയം നിര്‍ദേശിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
തന്ത്രപരമായ ഇന്ധന കരുതല്‍ ശേഖര പദ്ധതിക്കായി ഏകദേശം 42 ബില്യണ്‍ ഡോളര്‍ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ പകുതി തുക സംഭരണത്തിനായുള്ള അത്യാധുനിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ബാക്കി തുക ഇന്ധനം വാങ്ങി സൂക്ഷിക്കുന്നതിനുമാണ് ഉപയോഗിക്കുക. നിലവില്‍ അസംസ്‌കൃത എണ്ണ മാത്രമാണ് ഇന്ത്യ തന്ത്രപരമായി സംഭരിച്ചു വെക്കുന്നത്. എന്നാല്‍ പുതിയ പദ്ധതിയോടെ രണ്ട് മാസത്തെ രാജ്യത്തിന്റെ ആവശ്യത്തിനുള്ള എല്‍.എന്‍.ജി സംഭരണവും ആറ് ആഴ്ചത്തെ ആവശ്യത്തിനുള്ള എല്‍.പി.ജി സംഭരണവും തയ്യാറാക്കി നിര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്
