
സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡുകള്‍ ഇനി എല്ലാവര്‍ക്കും; വരുമാന പരിധി ഒഴിവാക്കി ഉത്തരവായി
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് സൗകര്യം ഉപയോഗപ്പെടുത്തുന്നതിന് നിലവിലുണ്ടായിരുന്ന വരുമാന പരിധി പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനം. സാമ്പത്തിക പശ്ചാത്തലം നോക്കാതെ എല്ലാ രോഗികള്‍ക്കും ഇനി പേ വാര്‍ഡുകളില്‍ ചികിത്സാ സൗകര്യം ലഭ്യമാകും. ആരോഗ്യമന്ത്രി കെ. മുരളീധരന്‍ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കും.
കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിക്ക് (കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്) കീഴില്‍ പ്രവര്‍ത്തിക്കുന്ന പേ വാര്‍ഡുകള്‍ ലഭിക്കണമെങ്കില്‍ ഒ.പി ടിക്കറ്റിലെ പ്രതിമാസ വരുമാന പരിധി 1600 രൂപയ്ക്ക് മുകളിലായിരിക്കണമെന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന നിബന്ധന. കുറഞ്ഞ വരുമാനം രേഖപ്പെടുത്തിയിട്ടുള്ള രോഗികള്‍ക്ക് മികച്ച സൗകര്യങ്ങളുള്ള പേ വാര്‍ഡുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കാത്ത സാഹചര്യം ഇതോടെ ഇല്ലാതാകും.
അത്യാഹിത വിഭാഗങ്ങളില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ ഒ.പി തിടുക്കത്തില്‍ തയ്യാറാക്കുമ്പോള്‍ വരുമാന വിവരങ്ങള്‍ കൃത്യമായി നല്‍കാന്‍ സാധിക്കാറില്ല. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം പേ വാര്‍ഡിലേക്ക് മാറാന്‍ ശ്രമിക്കുമ്പോഴാണ് ഈ വരുമാന പരിധി രോഗികള്‍ക്ക് വില്ലനാകുന്നത്. വരുമാന വിവരങ്ങളില്‍ മാറ്റം വരുത്താന്‍ ആശുപത്രി സൂപ്രണ്ടിന് അപേക്ഷ നല്‍കി കാത്തിരിക്കേണ്ടി വരുന്ന ഭരണപരമായ കാലതാമസവും പുതിയ തീരുമാനത്തോടെ അവസാനിക്കും
