
ക്ഷേമപെൻഷൻ വീടുകളിലെത്തിച്ചു നൽകുന്നത് നിർത്താനുള്ള സർക്കാർ തീരുമാനത്തിൽ എതിർപ്പ് ശക്തമാക്കി പ്രതിപക്ഷം.
തിരുവനന്തപുരം: ക്ഷേമപെൻഷൻ വീടുകളിലെത്തിച്ചു നൽകുന്നത് നിർത്താനുള്ള സർക്കാർ തീരുമാനത്തിൽ എതിർപ്പ് ശക്തമാക്കി പ്രതിപക്ഷം. വയോജനങ്ങൾക്കും എതിർപ്പുണ്ട്. പൂർണമായും കിടപ്പിലായ രോഗികൾക്കൊഴികെ ബാക്കിയെല്ലാവർക്കും ബാങ്ക് അക്കൗണ്ട് മുഖേന പെൻഷൻ നൽകുമെന്നാണ് ധനവകുപ്പിന്റെ പുതിയ ഉത്തരവ്.
പെൻഷൻ ഗുണഭോക്താക്കൾക്കെല്ലാം ആധാർ അധിഷ്ഠിത ബാങ്ക് അക്കൗണ്ടുണ്ടോ, കിടപ്പുരോഗികളെ നിശ്ചയിക്കുന്നതെങ്ങനെ എന്നിവസംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. അതിനാൽ, എന്നുമുതൽ പുതിയ രീതി നടപ്പാക്കണമെന്നതിൽ തീരുമാനമായിട്ടില്ല. തത്‌കാലം പെൻഷൻവിതരണം നിലവിലെ രീതിയിൽത്തന്നെ തുടരും. ഓണത്തിനുശേഷം പുതിയ നടപടിക്രമം നിശ്ചയിക്കും. സംസ്ഥാനത്ത് 51,10,908 ഗുണഭോക്താക്കൾക്കാണ് ക്ഷേമപെൻഷൻ നൽകുന്നത്. 27,95,912 പേർക്ക് ബാങ്കുവഴിയാണ് വിതരണം. 23,14,996 പേർക്കാണ് പ്രാഥമിക സഹകരണ ബാങ്കുകൾവഴി വീട്ടിലെത്തിച്ചുനൽകുന്നത്.
