
നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 170 ആയി
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 170 ആയി. 142 ഇന്ത്യക്കാരടക്കം 403 വിനോദ സഞ്ചാരികളെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. തമിഴ്നാട്ടിൽ നിന്ന് പോയ 37 പേരെക്കുറിച്ച് വിവരമില്ല. ഇഷ ഫൗണ്ടേഷൻ വഴി പോയ 77 പേരെക്കുറിച്ചും ഇതുവരെ വിവരം കിട്ടിയില്ല. കേരളത്തിൽ നിന്ന് പുറപ്പെട്ട 36 അംഗം സംഘം സുരക്ഷിതരാണ്. ബിഹാറിലും, യുപിയിലും ജാഗ്രത തുടരുന്നു.
അപ്രതീക്ഷിതമായി എത്തിയ മിന്നൽ പ്രളയത്തിൽ കാണാതായവരെ എത്രയും വേഗം കണ്ടെത്താനുള്ള ശ്രമമാണ് നേപ്പാൾ സർക്കാർ നടത്തുന്നത്. മരണ സംഖ്യ ഉയരുന്നത് ആശങ്ക വർദ്ധിപ്പിക്കുകയാണ്. നേപ്പാൾ ടൂറിസം ബോർഡ് നൽകിയ വിവരങ്ങൾ അനുസരിച്ച് ആകെ 403 വിനോദസഞ്ചാരികളെ ആണ് കാണാതായത്. ഇതിൽ കൂടുതൽ ആളുകൾ ഉണ്ടോ എന്ന സംശയവുമുണ്ട്. ടിബറ്റൻ മേഖലയിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നും ഇതേ തുടർന്നുണ്ടായ ഹിമപാതമാണ് നദിയിൽ വെള്ളപ്പൊക്കത്തിന് കാരണമായതെന്നുമാണ് നേപ്പാൾ ഭരണകൂടം പറയുന്നത്.
