
തീരുവയുദ്ധം കടുപ്പിച്ച് കാനഡ: യു.എസ് ഉല്‍പ്പന്നങ്ങള്‍ക്ക് 2000 കോടി ഡോളറിന്റെ നികുതി; തിരിച്ചടിച്ച് ട്രംപും
ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര തര്‍ക്കം രൂക്ഷമാക്കിക്കൊണ്ട് യു.എസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ കാനഡ കനത്ത ഇറക്കുമതി തീരുവ പ്രഖ്യാപിച്ചു. ഏകദേശം 2,000 കോടി ഡോളര്‍ (ഏകദേശം 1,91,474 കോടി ഇന്ത്യന്‍ രൂപ) മൂല്യം വരുന്ന ഉല്‍പ്പന്നങ്ങളെ ബാധിക്കുന്ന പുതിയ നികുതി നിരക്കുകള്‍ സെപ്റ്റംബര്‍ എട്ട് മുതല്‍ പ്രാബല്യത്തില്‍ വരും. വ്യാപാര ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വാരാന്ത്യത്തില്‍ കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ട്രംപ് ഭരണകൂടം 50 ശതമാനം തീരുവ ചുമത്തിയതിന് പിന്നാലെയാണ് കാനഡയുടെ ഈ അടിയന്തര പ്രതിരോധ നടപടി.
സ്റ്റീല്‍, അലുമിനിയം, ഫര്‍ണിച്ചര്‍, വസ്ത്രങ്ങള്‍ എന്നിവയ്ക്കാണ് കാനഡ 50 ശതമാനം വരെ കനത്ത തീരുവ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഡയറി ഉല്‍പ്പന്നങ്ങള്‍, ചീസ്, സമുദ്ര വിഭവങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിവയ്ക്ക് 25 ശതമാനവും, ഇലക്ട്രോണിക്‌സ് ഉള്‍പ്പെടെയുള്ള 700 ല്‍ അധികം ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക കാനഡയ്ക്ക് മേല്‍ ചുമത്തിയ അതേ നിരക്കിലും തീരുവ ഈടാക്കും. സമുദ്ര വിഭവങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ടോയ്ലറ്റ് പേപ്പര്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളെയും ഈ തീരുമാനം ബാധിക്കും. വരുമാനം വര്‍ധിപ്പിക്കുകയല്ല, മറിച്ച് തദ്ദേശീയ കമ്പനികളെ അമേരിക്കന്‍ കടന്നുകയറ്റത്തില്‍ നിന്ന് സംരക്ഷിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് കനേഡിയന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി
